കരിമണ്ണൂർ: 20 രൂപക്ക് ഊണുമായി കരിമണ്ണൂർ പഞ്ചായത്തിൽ ജനകീയ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതി പ്രകാരമാണ് ഹോട്ടൽ പ്രവർത്തിക്കുക. കരിമണ്ണൂർ സി.ഡി.എസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രുചിയ കാറ്ററിംഗ് യൂണിറ്റിനാണ് ഹോട്ടലിന്റെ നടത്തിപ്പ് ചുമതല. ഹോട്ടലിന്റെ പ്രവർത്ത്‌നോദ്ഘാടനം കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി.ദേവസ്യ നിർവഹിച്ചു. കുടുംബശ്രീക്കായി പഞ്ചായത്ത് ഓഫീസിന് എതിർവശത്ത് പഞ്ചായത്ത് വാടകക്ക് എടുത്ത് നൽകിയ കെട്ടിടത്തിലാണ് ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നത്. ലോക്ക് ഡൗൺ സമയത്ത് സമൂഹ അടുക്കള പ്രവർത്തിച്ചതും ഇവിടെയായിരുന്നു. ഇതിന്റെ പ്രവർത്തനം നിർത്തിയതോടെ ഇവിടം ജനകീയ ഹോട്ടലാക്കി മാറ്റുകയായിരുന്നു.
കുടുംബശ്രീ പ്രവർത്തകരാണ് ജനകീയ ഹോട്ടലിലെ എല്ലാ ജീവനക്കാരും. പൊതിച്ചോറിന് 25 രൂപയാണ് വില. സ്‌പെഷ്യൽ ഊണ് വേണ്ടവരിൽ നിന്നും 50 രൂപയാണ് ഈടാക്കുക. പ്രാതലിന് 30 രൂപ നൽകിയാൽ മതി. മറ്റ് വിഭവങ്ങൾ കൂടി ഉൾപ്പെടുത്തി ജനകീയ ഹോട്ടലിന്റെ പ്രവർത്തനം വിപുലമാക്കാനുള്ള നീക്കത്തിലാണ് സംഘാടകർ. പഞ്ചായത്തിൽ നിന്നും ലിസ്റ്റ് തരുന്നതിന്റെ അടിസ്ഥാനത്തിൽ നിർദ്ധനർക്ക് സൗജന്യമായി ഭക്ഷണം നൽകുമെന്ന് ജനകീയ ഹോട്ടൽ അധികൃതർ അറിയിച്ചു. ഹോട്ടലിന്റെ പ്രവർത്തന മേൽനോട്ടത്തിന് പഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷനായി മോണിറ്ററിംഗ് സമിതി രൂപീകരിച്ചിട്ടുണ്ട്.