തൊടുപുഴ: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നത് സംബന്ധിച്ച് വന്ന ആശയക്കുഴപ്പത്തെ തുടർന്ന് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ ആളുകൾ കൂട്ടത്തോടെ ഇറങ്ങി. ഇന്ന് മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വരുകയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചതെങ്കിലും ഇന്നലെ മുതൽ ഇളവുകളുണ്ടാകുമെന്ന സർക്കാരിന്റെ അറിയിപ്പാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. ഹോട്ടലൊഴികെയുള്ള ഒട്ടുമിക്ക വ്യാപാരസ്ഥാപനങ്ങളും തുറന്നു. തിരക്ക് നിയന്ത്രിക്കാനിറങ്ങിയപൊലീസിനും കേസെടുക്കണോ, വേണ്ടയോ എന്ന ആശയക്കുഴപ്പമുണ്ടായി. സ്വകാര്യ വാഹനങ്ങളിലും അല്ലാതെയുമെല്ലാം ആളുകൾ ചന്തകളിലും വ്യാപാരകേന്ദ്രങ്ങളിലുമെത്തി. പലരും സാമൂഹിക അകലം പാലിച്ചില്ല. മുഖാവരണങ്ങളും ധരിക്കാതെയാണെത്തിയത്. ചെറു ടൗണുകളില് ഗതാഗതക്കുരുക്കുമുണ്ടായി.എന്നാൽ കുമളി, മറയൂർ എന്നിവിടങ്ങളിൽ നിർദ്ദേശങ്ങളെ മാനിച്ച് ജനങ്ങൾ പുറത്തിറങ്ങിയില്ല.
സമ്പർക്ക വിലക്കിന് ഇളവ് അനുവദിച്ചതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ കർശന പരിശോധനകൾക്കു ശേഷം മൂന്നാർ ടൗണിലേക്ക് ആളുകളെ പ്രവേശിപ്പിച്ചു. മൂന്നാറിന്റെ പ്രവേശന കവാടങ്ങളിലെ ചെക് പോസ്റ്റുകളിൽ ഓരോരുത്തരെയും തെർമൽ സ്‌കാനിങ് നടത്തിയ ശേഷം, ഒരുമണിക്കൂർ ചെലവഴിക്കുന്നതിനുള്ള പാസ് നൽകിയ ശേഷമാണ് ടൗണിലേക്ക് കടത്തിവിട്ടത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് തിങ്കളാഴ്ച തുറന്നത്.
ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ പീരുമേട്ടിലെ തോട്ടം മേഖലയിൽ ജനങ്ങൾ കൂട്ടത്തോടെ നിരത്തിലെത്തി. പെൻഷൻ അടക്കമുള്ള ബാങ്കിങ്ങ് ആവശ്യങ്ങള്ക്കാണ് ആളുകള് കൂടുതലായും എത്തിയത്. ആശുപത്രികളിലും പതിവിൽ കൂടുതൽ തിരക്ക് അനുഭവപ്പെട്ടു. ഇളവുകൾ അനുവദിച്ച കടകമ്പോളങ്ങൾ തുറന്നു പ്രവർത്തിച്ചു. ഏതൊക്കെ കടകൾ തുറക്കാം എന്ന ആശങ്ക നിലനിൽക്കുന്നതിനാൽ കേസ് ഭയന്ന് പലരും കടകൾ തുറക്കാൻ തയ്യാറായില്ല.
കുമളി ടൗണിലും പരിസര പ്രദേശങ്ങളിലും വ്യാപരസ്ഥാപനങ്ങൾ നടത്തിയിരുന്നത് കമ്പം, ഗൂഡല്ലൂര്, ഉത്തമപാളയം തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ്. ഇവർ തമിഴ്‌നാട്ടിലായതിനാൽ ഇളവുകൾ വന്നാലും കുമളിയിൽ വ്യാപാരങ്ങൾ സജീവമാകാൻ സാദ്ധ്യതയില്ല.