കട്ടപ്പന: ജില്ലയിൽ ഇളവുകൾ പ്രാബല്യത്തിൽ വന്ന ആദ്യദിനത്തിൽ ആശയക്കുഴപ്പം. ശുചീകരണ യജ്ഞത്തിനായി ആദ്യദിവസം വിനിയോഗിക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദേശം തെറ്റിദ്ധരിച്ച് കടകൾ തുറക്കുമെന്ന ധാരണയിൽ നൂറുകണക്കിനാളുകളാണ് വാഹനങ്ങളുമായി ടൗണുകളിൽ എത്തിയത്. തിരക്ക് വർധിച്ചതോടെ പൊലീസ് അനൗൺസ്‌മെന്റ് നടത്തി നിയന്ത്രിക്കുകയായിരുന്നു. കൂടാതെ പ്രധാന ജംഗ്ഷനുകളിലും മാർക്കറ്റുകളും എത്തി ആൾക്കൂട്ടം നിയന്ത്രിച്ചു. ഇതിനിടെ ശുചീകരണത്തിന്റെ മറവിൽ വ്യാപാരത്തിനായി തുറന്ന ചില കടകളും അടപ്പിച്ചു. രാവിലെ ഏതാനും ബാർബർ ഷോപ്പുകൾ തുറന്നെങ്കിലും മന്ത്രിസഭ തീരുമാനം പുറത്തുവന്നതോടെ അടച്ചു. ഇന്നുമുതൽ തുറന്നു പ്രവർത്തനമാരംഭിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ ഉടമകളും ജീവനക്കാരും ചേർന്ന് ശുചീകരിച്ചു.
കഴുകി വെടിപ്പാക്കി ഇന്നുമുതൽ ആളുകൾ കൂടുതലായി എത്തുന്ന സ്ഥലങ്ങൾ അഗ്നിശമന സേനയും നഗരസഭ ശുചീകരണ തൊഴിലാളികളും വൃത്തിയാക്കി. കട്ടപ്പന സബ് കോടതി, ജി.എസ്.ടി ഓഫീസ് അടക്കമുള്ള പൊതു സ്ഥാപനങ്ങളും ബസ് സ്റ്റാൻഡും പരിസരവുമടക്കമുള്ള പൊതുഇടങ്ങളും ശുചീകരിച്ച് സോഡിയം ഹൈഡ്രോ ക്ലോറൈഡ് ലായനി ഉപയോഗിച്ച് അണുമുക്തമാക്കി.