കട്ടപ്പന: ഇളവുകൾ ഇന്നുമുതൽ നിലവിൽ വരുമെങ്കിലും കട്ടപ്പന നഗരസഭാ പരിധിയിലുള്ളവർ ജാഗ്രത തുടരണമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. കട്ടപ്പന ടൗണിലും പരിസര പ്രദേശങ്ങളിലും തമിഴ്നാട് ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നു അവശ്യ സാധനങ്ങളുമായി എത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ പുറത്തിറങ്ങരുത്. ഇവരുമായി യാതൊരുവിധ സമ്പർക്കവും പണമിടപാടുകളും പാടില്ലെന്നും വ്യാപാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ടൗണിൽ എത്തുന്നതിനുമുമ്പ് തന്നെ വാഹനങ്ങൾ കഴുകി ശുചീകരിക്കണം. കഴിഞ്ഞ ദിവസങ്ങളിൽ മാർക്കറ്റിലും ടൗണിന്റെ വിവിധ പ്രദേശങ്ങളിലും ചരക്കുവാഹനങ്ങളുമായി എത്തിയ ഡ്രൈവർമാർക്ക് നിർദേശം നൽകിയിരുന്നു. ചരക്കിറക്കുന്ന തൊഴിലാളികളും വ്യക്തി ശുചിത്വം പാലിക്കണം. ലോഡിറക്കുന്നവർ വാഹനങ്ങളിൽ സ്പർശിക്കുന്നത് പരമാവധി ഒഴിവാക്കണം. സാധനങ്ങൾ ഇറക്കിയശേഷം കൈകാലുകളും ചെരുപ്പുകളും കൈയുറകളും സോപ്പുപയോഗിച്ച് കഴുകണമെന്നും ആരോഗ്യ വിഭാഗം നിർദേശിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്ലി പിജോൺ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജുവാൻ ഡി മേരി, വിനേഷ് ജേക്കബ് എന്നിവർ നേതൃത്വം നൽകി.