കട്ടപ്പന: ലോക്ക് ഡൗണിൽ കട്ടപ്പന നഗരത്തിൽ ഒറ്റപ്പെട്ടുപോയവർക്കും നിർധനർക്കും ആശ്വാസമായ സാമൂഹിക പാചകമുറി തുടരാൻ നഗരസഭ തീരുമാനിച്ചു. ഹോട്ടലുകളിൽ ആളുകളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന സർക്കാരിന്റെ പുതിയ നിർദേശത്തെത്തുടർന്നാണ് തീരുമാനം. കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പാചകമുറിക്ക് വലിയ സ്വീകാര്യതയാണ് പൊതുജനങ്ങളിൽ നിന്നു ലഭിച്ചത്. ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും പാചകമുറിയിലേക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നതിനാൽ പ്രവർത്തനം സുഗമമായി മുന്നോട്ടുപോകുന്നു. ഹോട്ടലുകൾ തുറക്കാമെന്നുള്ള ഉത്തരവിനെത്തുടർന്ന് ഇന്നുമുതൽ പാചകമുറിയുടെ പ്രവർത്തനം അവസാനിപ്പിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
ഇനിയുള്ള ദിവസങ്ങളിൽ അശരണരായവർക്ക് മാത്രമേ സൗജന്യമായി ഭക്ഷണം നൽകുകയുള്ളൂ. മറ്റുള്ളവർക്ക് നിശ്ചിയിച്ചിട്ടുള്ള തുകയ്ക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യും. പ്രതിദിനം 400 പേർക്കാണ് ഭക്ഷണപ്പൊതികൾ നൽകിവരുന്നത്. ലോക്ക് ഡൗൺ അവസാനിച്ചശേഷം കുടുംബശ്രീയുടെ നേതൃത്വത്തിൽ ജനകീയ ഭക്ഷണശാല ആരംഭിക്കാനും പദ്ധതിയുണ്ട്. അതേസമയം നാളെ മുതൽ നഗരത്തിലെ ഏതാനം ഭക്ഷണശാലകളിൽ പാഴ്സൽ സൗകര്യം ഉണ്ടായിരിക്കുമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് ഓണേഴ്സ് അസോസിയേഷൻ അറിയിച്ചു.