കട്ടപ്പന: തമിഴ്‌നാട്ടിൽ നിന്ന് അതിർത്തിയിലെ സമാന്തര പാതകളിലൂടെ ആളുകൾ എത്തുന്നത് തുടരുന്നതിനാൽ വണ്ടൻമേട് ഗ്രാമപഞ്ചായത്തിൽ ക്വാറന്റീൻ കേന്ദ്രം തുറക്കും. വണ്ടൻമേട്ടിൽ പ്രവർത്തനരഹിതമായി കിടക്കുന്ന ടി.ബി. സെന്ററിലാണ് കേന്ദ്രം ആരംഭിക്കുന്നത്. വണ്ടൻമേട് ഗ്രാമപഞ്ചായത്തിലെ മൂന്ന് വാർഡുകളാണ് കേരളതമിഴ്‌നാട് അതിർത്തി പങ്കിടുന്നത്. രാത്രികാലങ്ങളിൽ ഇതുവഴി നിരവധിപേർ നുഴത്തുകയറുന്നതായി വിവരമുണ്ട്. അതിർത്തി കടന്നെത്തുന്നവരെ കുമളിയിലും നെടുങ്കണ്ടത്തുമാണ് നിരീക്ഷണത്തിൽ പാർപ്പിക്കുന്നത്. നിലവിൽ ഇവിടങ്ങളിൽ അസൗകര്യമുള്ളതിനാലാണ് വണ്ടൻമേട്ടിൽ സംവിധാനമൊരുക്കുന്നത്. വണ്ടൻമേട്ടിലെ ഡി.വൈ.എഫ്.ഐ. യുവമോർച്ച പ്രവർത്തകർ കേന്ദ്രത്തിൽ സൗകര്യങ്ങളൊരുക്കി. കെട്ടിടത്തിലെ വൈദ്യുതിയും പുനസ്ഥാപിച്ചു. 15 കിടക്കകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കൂടുതൽ പേരെ ക്വാറന്റീൻ ചെയ്യേണ്ടിവന്നാൽ പുറ്റടി ഹോളിക്രോസ് കോളജിന്റെ ഡോർമെറ്ററിയും കണ്ടെത്തിയിട്ടുണ്ട്. വണ്ടൻമേട് ഹെൽത്ത് ഇൻസ്‌പെക്ടർ ആന്റണി, പഞ്ചായത്ത് സെക്രട്ടറി അജി കെ.തോമസ്, അസിസ്റ്റന്റ് സെക്രട്ടറി റോയിമോൻ ടി.ചാക്കോ, എം.എസ്. സുമേഷ്, റോബി തോമസ്, ബൈലി സ്‌കറിയ, ഡി.വൈ.എഫ്.ഐ. വണ്ടൻമേട് ബ്ലോക്ക് സെക്രട്ടറി വിജീഷ് ബാലകൃഷ്ണൻ, ജെ. രതീഷ്, വി.എസ്. പ്രമോദ്, ബി.ജെ.പി. ഉടുമ്പൻചോല മണ്ഡലം സെക്രട്ടറി മനോജ് രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗം അറുമുഖം കണ്ണൻ, യുവമോർച്ച പഞ്ചായത്ത് സെക്രട്ടറി അഖിൽ ജെ.നായർ, ആർ.എസ്.എസ്. സ്വയം സേവക് കെ. മണികണ്ഠൻ എന്നിവർ ശുചീകരണത്തിനു നേതൃത്വം നൽകി.