മുട്ടം: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മുട്ടം പഞ്ചായത്ത് പ്രദേശത്ത് ജാഗ്രത സർവ്വേ നടത്തി.കൊവിഡ് ജാഗ്രതയുടെ ഭാഗമായിട്ടുള്ള ലോക്ക് ഡൗൺ പിൻവലിക്കുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങൾ,ഇതര സംസ്ഥാനങ്ങൾ,ഇതര ജില്ലകൾ എന്നിവിടങ്ങളിൽ നിന്ന് മുട്ടം പഞ്ചായത്ത് പ്രദേശത്ത് എത്തിച്ചേരാൻ സാദ്ധ്യയതയുള്ള വ്യക്തികളുടെ വിവരങ്ങൾ സംബന്ധിച്ചാണ് സർവ്വേ നടത്തിയത്.ഇതേ തുടർന്ന് മുട്ടം പഞ്ചായതിന്റെ 13 വാർഡുകിലായി വിവിധ സ്ഥലങ്ങളിൽ നിന്ന് 350 ൽപ്പരം ആളുകൾ എത്തിച്ചേരാൻ സാദ്ധ്യയതയുള്ളതായി ആരോഗ്യ വകുപ്പ് കണ്ടെത്തി.ഇവർ എത്തുന്നതിന് 2 ദിവസം മുൻപ് ആരോഗ്യ വകുപ്പിനെയോ പൊലീസിനെയോ വിവരം അറിയിക്കണം,നിശ്ചിത ദിവസം വരെ വീടിന് പുറത്തിറങ്ങാതെ നിരീക്ഷണത്തിൽ കഴിയണം,വീട്ടിൽ സൗകര്യം ഇല്ലാത്തവർക്ക് ആരോഗ്യ വകുപ്പ് സജ്ജമാക്കിയ സ്ഥലത്ത് നിരീക്ഷണത്തിൽ കഴിയണം എന്നത് സംബന്ധിച്ചുള്ള മാർഗ നിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് അധികൃതർ അവരുടെ വീട്ടുകാരെ അറിയിച്ചു.കഴിഞ്ഞ 2ന് ആരംഭിച്ച ജാഗ്രത സർവ്വേ ഇന്നലെ പൂർത്തിയായി.തൊടുപുഴ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ: കെ സി ചാക്കോയുടെ നേതൃത്വത്തിൽ നടത്തിയ സർവ്വേയിൽ ഹെൽത്ത് സൂപ്പർവൈസർ, എച്ച്. ഐ, ജെ. എച്ച്. ഐ,നഴ്‌സ്, ആശാവർക്കർ എന്നിവർ പങ്കെടുത്തു.