തൊടുപുഴ: കൊവിഡ്- 19 ലോക്ക് ഡൗൺ അവസാനിക്കുന്ന മേയ് മൂന്ന് വരെ എല്ലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ നടത്തിവരുന്ന കാരുണ്യപ്രവർത്തനങ്ങൾ തുടരുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു. എല്ലാ പഞ്ചായത്തുകളിലും ഭക്ഷ്യധാന്യ വിതരണം, മാസ്‌ക് വിതരണം, പച്ചക്കറി വിതരണം, ആവശ്യമരുന്ന് വിതരണം, രോഗാവസ്ഥയിലുള്ളവരെ ആശുപത്രിയിലെത്തിക്കൽ, ഡയാലിസിസ് രോഗികൾക്ക് വാഹനമെത്തിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് ഡി.സി.സിയുടെ ഹെൽപ് ഡസ്‌കിലൂടെ ചെയ്യുന്നത്. എല്ലാ വാർഡ് കോൺഗ്രസ് കമ്മിറ്റികളും നിർബന്ധമായും ഏതെങ്കിലും ഒരു കാരുണ്യപ്രവർത്തനം ഏറ്റെടുക്കണം. പരിപാടികൾ പൂർണമായും അധികൃതരുടെ നിർദ്ദേശങ്ങൾ മാനിച്ച് സാമൂഹ്യ അകലം പാലിച്ച് മാത്രമേ നടത്താവൂ. ഡി.സി.സി പ്രസിഡന്റ് ചെയർമാനായ ജില്ലാ ഹെൽപ് ഡസ്‌കിൽ കോ ഓർഡിനേറ്റർമാരായ ടി.എസ്. സിദ്ദിഖ്, അഡ്വ. കെ.ബി.സെൽവം, ജിയോ മാത്യു, മനോജ് മുരളി എന്നിവരാണ് ഏകോപിപ്പിക്കുന്നത്. അടിമാലിയിൽ പൊതു ഇടങ്ങൾ ശുചീകരണത്തിനിറങ്ങിയ യൂത്ത് കോൺഗ്രസ് ചേരിതിരിവിന് കാരണക്കാരായ നേതാക്കളെ ഡി.സി.സി താക്കീത് ചെയ്യും. ആവർത്തിച്ചാൽ അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.