കട്ടപ്പന: ലോക്ക്ഡൗണിൽ പ്രതിസന്ധിയിലായ കാർഷിക മേഖലയ്ക്കായി പുനരുദ്ധാരണ നടപടി സ്വീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി. കട്ടപ്പനയിലെ അഗതി മന്ദിരങ്ങളിൽ എം.പിയുടെ നേതൃത്വത്തിൽ ഭക്ഷ്യസാധനങ്ങൾ എത്തിച്ചുനൽകി. തുടർച്ചയായ പ്രളയങ്ങളും പിന്നീട് കോവിഡ് വ്യാപനവും മൂലം സർവവും നശിച്ച കർഷകർക്ക് ആശ്വാസ പദ്ധതികളാണ് ഉണ്ടാകേണ്ടത്. വിവിധ വായ്പകൾക്ക് ആർ.ബി.ഐ. മൂന്നു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും കർഷകർക്ക് പ്രയോജനപ്പെടില്ല. മൊറട്ടോറിയത്തിന്റെ കാലയളവിലെ പലിശ ഒഴിവാക്കി നൽകണമെന്നും എം.പി. ആവശ്യപ്പെട്ടു.
ഇരുപതേക്കർ ആകാശപറവയിൽ 150 കിലോ അരിയും സെന്റ് ജോൺസ് പ്രതീക്ഷ ഭവനിൽ 100 കിലോ അരിയും എം.പി. എത്തിച്ചുനൽകി. ജോയി വെട്ടിക്കുഴി, തോമസ് മൈക്കിൾ, സിബി പാറപ്പായി, എ.എം. സന്തോഷ്, കെ.എസ്. സജീവ് എന്നിവർ ഒപ്പമുണ്ടായിരുന്നു.