കട്ടപ്പന: കൊവിഡ്19 നിയന്ത്രണങ്ങൾ മറികടന്ന് അതിർത്തി ചെക്ക്‌പോസ്റ്റുകൾ വഴി ഏലക്കാ കള്ളക്കടത്ത് സജീവം. തമിഴ്‌നാട്ടിലെ തേനി ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുമ്പോഴാണ് കള്ളക്കടത്ത് സംഘങ്ങൾക്കായി അതിർത്തി ചെക്ക്‌പോസ്റ്റുകൾ തുറന്നുകൊടുക്കുന്നത്. ജില്ലയിൽ നിന്നു പ്രതിദിനം മൂവായിരത്തോളം കിലോഗ്രാം ഏലയ്ക്ക വാഹനങ്ങളിൽ തമിഴ്‌നാട്ടിലെത്തിച്ച് വിൽക്കുന്നു. കടത്തുസംഘത്തിലുള്ളവർ തമിഴ്‌നാട്ടിൽ ആരൊക്കെയുമായി അടുത്തിടപഴകുന്നതെന്നു പോലും അറിയില്ല.
അയൽ ജില്ലകളിൽ പോലും പ്രവേശിക്കുന്നതിനു കർശന നിയന്ത്രണമുള്ളപ്പോഴാണ് അയൽ സംസ്ഥാനത്ത് യാതൊരു തടസവുമില്ലാതെ കള്ളക്കടത്തുകാർ പോയി വരുന്നത്. കൃത്യമായി 'പടി' നൽകുന്നതിനാൽ അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ ഇവരുടെ വാഹനങ്ങൾക്ക് പരശോധനയില്ല. ബോഡിമെട്ട്, കമ്പംമെട്ട് ചെക്ക്‌പോസ്റ്റുകളിലൂടെയാണ് ഗൂഡസംഘങ്ങൾ ദിവസങ്ങളായി ഏലക്കാ കടത്തിവരുന്നത്. തൂക്കമനുസരിച്ച് ജീപ്പ്, പിക്അപ്, മിനി ലോറി വാഹനങ്ങളിൽ ജില്ലയിലെ വൻകിട തോട്ടങ്ങളിൽ നിന്നു ഏലക്ക സംഭരിച്ച് തമിഴ്‌നാട്ടിലെ തേവാരം, ബോഡി എന്നിവിടങ്ങളിലുള്ള മൊത്ത വ്യാപാരികൾക്ക് വിൽക്കുന്നു. വാഹനങ്ങളിൽ ഡ്രൈവർക്കൊപ്പം മറ്റൊരും ഉണ്ടാകും. ഒരു കലോഗ്രാമിന് 30 മുതൽ 50 രൂപ വരെ കമ്മിഷൻ വ്യവസ്ഥയിലാണ് കടത്തുസംഘം ഏലക്കാ സംഭരിക്കുന്നത്. ഇതിനിടെ അതിർത്തികളിലെ സമാന്തര പാതകളിലൂടെയും ഏലയ്ക്ക കള്ളക്കടത്ത് സജീവമാണ്. വൻകിട സംഘമാണ് ഏലക്ക കടത്ത് നിയന്ത്രിച്ചുവരുന്നത്.
ലോക്ക് ഡൗണിൽ സ്‌പൈസസ് ബോർഡിന്റെ ഈലേലം മുടങ്ങിയതോടെ ഏലക്കാവില കുത്തനെ ഇടിഞ്ഞു. നിലവിൽ 1000 നും 1500 രൂപയ്ക്കുമിടയിലാണ് വില. ലോക്ക് ഡൗൺ ഇളവുകളെത്തുടർന്ന് മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങൾ ഇന്നലെ മുതലാണ് തുറന്നത്. സീസൺ കാലത്ത് 3000 നും 3500 നുമിടയിൽ ഏലയ്ക്കാ വാങ്ങിയ വ്യാപാരികളും വിറ്റഴിക്കാനാകാതെ പ്രതിസന്ധിയിലാണ്. വിപണനവും കയറ്റുമതിയും നിലച്ചതോടെ ലേല കേന്ദ്രങ്ങളിൽ വിൽപന നടത്തിയ ഏലക്കയുടെ പണവും കർഷകർക്ക് ലഭിച്ചിട്ടില്ല.