തൊടുപുഴ: കാളിയാർ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസിന്റെ സമയോചിത ഇടപെടലിൽ രാത്രി വണ്ണപ്പുറം ടൗണിലെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എ.ടി.എമ്മിലുണ്ടായ തീ പിടിത്തം അണച്ചു. തിങ്കളാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. ലോക്ക്ഡൗൺ മൂലം ടൗണിൽ ആളില്ലാതിരുന്നതിനാൽ രാത്രിയിൽ ഉണ്ടായ അഗ്നിബാധ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ഈ സമയം ടൗണിൽ പട്രോളിംഗ് നടത്തുകയായിരുന്ന കാളിയാർ എസ്‌.ഐ വി.സി. വിഷ്ണുകുമാർ തീ പിടുത്തം കണ്ടയുടനെ എ.ടി.എമ്മിൽ കയറി തീയണയ്ക്കുകയായിരുന്നു. എ.സിയുടെ ഭാഗത്തു നിന്നാണ് തീ താഴേക്ക് പടർന്നത്. കൗണ്ടറിൽ പുക നിറഞ്ഞതിനാൽ അകത്തു കയറുക ബുദ്ധിമുട്ടായിരുന്നു. രാത്രി പട്രോളിംഗിനായി പോകുമ്പോൾ ഒരു അന്യസംസ്ഥാന തൊഴിലാളി വാഹനത്തിനു കൈകാണിച്ചു. വാഹനം നിറുത്തി നോക്കിയപ്പോഴാണ് എ.ടി.എമ്മിൽ തീ പിടിച്ചത് കണ്ടതെന്ന് എസ്‌.ഐ പറഞ്ഞു. ഉടൻ തന്നെ പൊലീസ് വാഹനത്തിൽ ഉണ്ടായിരുന്ന ടർക്കി ടൗവൽ ഉപയോഗിച്ച് എസ്‌.ഐ അകത്തു കയറി തീ അടിച്ചു കെടുത്തുകയായിരുന്നു. പിന്നീട് എ.ടി.എമ്മിലെ എക്സ്‌റ്റിഗ്വിഷർ ഉപയോഗിച്ച് തീ പൂർണമായും അണച്ചു. പൊലീസ് അറിയിച്ചതിനുസരിച്ച് ബാങ്ക് അധികൃതരും തൊടുപുഴ ഫയർഫോഴ്‌സും സ്ഥലത്തെത്തി. ബാങ്കിനോട് ചേർന്നു പ്രവർത്തിക്കുന്ന എ.ടി.എം കൗണ്ടറിനു മുകളിലത്തെ നിലയിൽ അഞ്ചു കുടുംബങ്ങളും താമസിക്കുന്നുണ്ട്. കൂടാതെ സമീപത്ത് ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുമുണ്ട്. എസ്‌.ഐ ഉടൻ തന്നെ കൗണ്ടറിൽ കയറി തീയണച്ചതിലാണ് മറ്റിടങ്ങളിലേക്ക് പടരാതിരുന്നത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.