തൊടുപുഴ: ലോക്ക്ഡൗൺ ഇളവുകളെ സംബന്ധിച്ച് വ്യക്തതയില്ലാതെ ജനം ആശങ്കയിൽ. എല്ലാവർക്കും രോഗം ഭേദമായതിനെ തുടർന്ന് കോട്ടയത്തിനൊപ്പം ഇടുക്കി ജില്ലയെയും കഴിഞ്ഞ ആഴ്ച ഗ്രീൻസോണായി പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച മുതൽ ഇളവുകളുണ്ടാകുമെന്ന് സംസ്ഥാന സർക്കാരും ചൊവ്വാഴ്ച മുതലേ ഇളവുകളുള്ളൂവെന്ന് കളക്ടറും പറഞ്ഞപ്പോൾ ജനം ആകെ കൺഫ്യൂനിലായി. അതിന് ശേഷം രാത്രിയോടെ പ്രഖ്യാപിച്ച സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളിൽ ജില്ലയിൽ തൊടുപുഴ മുനിസിപാലിറ്റിയടക്കം ആറിടങ്ങൾ ഉൾപ്പെട്ടു. ഇതോടെ മുഴുവൻ അവ്യക്തതയായി. ഇതൊന്നുമറിയാതെ തിങ്കളാഴ്ച നിരവധിപ്പേർ നിരത്തിലിറങ്ങി. ചില വൻകിട വസ്ത്രശാലകളടക്കം തുറന്നെങ്കിലും പിന്നീട് പൊലീസ് ഇടപെട്ട് അടപ്പിച്ചു. എന്നാൽ തിങ്കളാഴ്ച രാത്രിയോടെ വീണ്ടും ഇളവുകളിൽ മാറ്റം വന്നു. ഹോട്ട്സ്പോട്ട് അല്ലാത്ത സ്ഥലങ്ങളിലും നിയന്ത്രണം തുടരുമെന്നായിരുന്നു പുതിയ ഉത്തരവ്. എന്നാൽ ഇതുസംബന്ധിച്ച് ഇതുവരെ ജില്ലാ ഭരണകൂടം വ്യക്തത വരുത്താത്തതാണ് പ്രധാന പ്രശ്നം. എന്തായാലും ഇന്നലെ മുതൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാമെന്ന ഇടുക്കിക്കാരുടെ സ്വപ്നങ്ങൾക്ക് മങ്ങലേറ്റു. ഇനി മേയ് മൂന്ന് കഴിയാതെ ഇളവുകളുണ്ടാകില്ലെന്നാണ് ജില്ലാ ഭരണകൂടം നൽകുന്ന സൂചന.