: തൊടുപുഴ :ഇടവെട്ടി സപ്ലൈകോ ഡിപ്പോയുടെ കീഴിൽ അതിജീവന കിറ്റ് തയ്യാറാക്കുന്ന ജോലികൾ ദ്രുതഗതിയിലായി. തൊടുപുഴ താലൂക്കിലെ 14 പഞ്ചായത്ത്, ഒരു മുനിസിപ്പാലിറ്റി, ഇടുക്കി താലൂക്കിലെ വാഴത്തോപ്പ് പഞ്ചായത്ത്, ഇടുക്കി വില്ലേജിലെ കുളമാവ് എന്നിവിടങ്ങളിൽ വിതരണം ചെയ്യാനുള്ള കിറ്റുകളാണ് ഇടവെട്ടി ഡിപ്പോയ്ക്ക് കീഴിൽ തയ്യാറാകുന്നത്. എ.പി.എൽ., ബി.പി.എൽ. വിഭാഗങ്ങൾക്കായി 85000 ത്തോളം കിറ്റുകളാണ് ആകെ തയ്യാറാക്കേണ്ടത്. 34500 കിറ്റുകൾ ഇതിനോടകം വിവിധ കേന്ദ്രങ്ങളിൽ തയ്യാറാക്കി വിതരണത്തിനെത്തിച്ചു. ബാക്കി ഉടൻ പൂർത്തിയാക്കാനാവുമെന്ന് ഡിപ്പോ മാനേജർ ബൈജു.കെ.ബാലൻ പറഞ്ഞു. .തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സൗജന്യമായി ലഭ്യമാക്കിയ കമ്മ്യൂണിറ്റി ഹാളുകൾ, സഹകരണ സ്ഥാപനങ്ങളുടേയും വിവിധ മത സ്ഥാപനങ്ങളുടെയും മറ്റും ഉടമസ്ഥതയിലുള്ള ഹാളുകളിലും കെട്ടിടങ്ങളിലുമായാണ് കിറ്റ് നിറയ്ക്കൽ കേന്ദ്രങ്ങൾ തുറന്നിരിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി രജിസ്റ്റർ ചെയ്തിരിക്കുന്ന വോളന്റിയർമാർ, വിവിധ യുവജന സംഘടനാ പ്രവർത്തകർ, സർവീസ് സംഘടനകൾ തുടങ്ങിയവയിൽ നിന്നുള്ളവരാണ് കിറ്റുകൾ നിറയ്ക്കുന്ന ജോലികൾ സൗജന്യമായി ചെയ്യുന്നത്.