കട്ടപ്പന: ലോക്ക് ഡൗൺ കാലത്തും കട്ടപ്പന മാർക്കറ്റിൽ ഉണക്ക മത്സ്യത്തിനു അമിത വില ഈടാക്കുന്നതായി ആരോപിച്ച് യുവാവിന്റെ ഒറ്റയാൾ സമരം. കാഞ്ചിയാർ സ്വദേശിയും പ്രൊഫഷണൽ ഷെഫുമായ ജോജി പൊടിപാറയാണ് കഴുത്തിൽ ഉണക്കമീൻ മാലയണിഞ്ഞ് കട്ടപ്പന ഗാന്ധി സ്‌ക്വയറിനു മുമ്പിൽ പ്രതിഷേധിച്ചത്. സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് കട്ടപ്പന മാർക്കറ്റിലെ കടകളിൽ ഇരട്ടിയിലധികം വിലയാണ് ഈടാക്കുന്നതെന്നാണ് ആരോപണം. കഴിഞ്ഞദിവസം ഇവിടെ നിന്നു 320 കിലോഗ്രാം പഴകിയ ഉണക്കമീൻ പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. പച്ചക്കറി, പലവ്യഞ്ജനങ്ങൾക്ക് വില ഏകീകരിച്ചിട്ടും ഉണക്ക മത്സ്യത്തിനു കൊള്ളവില വാങ്ങുന്നത് തടയാൻ നടപടിയില്ലെന്നും ജോജി ആരോപിച്ചു. നിരവധിയാളുകളാണ് ജോജിക്ക് പിന്തുണയുമായി ഗാന്ധി സ്‌ക്വയറിൽ എത്തിയത്.