കട്ടപ്പന: നിയന്ത്രണങ്ങൾ മറികടന്ന് കട്ടപ്പന നഗരത്തിൽ വാഹനങ്ങളുടെ വൻ തിരക്ക്. ഇളവുകൾ നൽകിയിട്ടില്ലാത്ത വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചതോടെയാണ് ആളുകൾ നഗരത്തിലെത്തിയത്. ഇതോടെ സെൻട്രൽ ജംഗ്ഷൻ, കുന്തളംപാറ റോഡ് എന്നിവിടങ്ങളിൽ ഗതാഗതവും തടസപ്പെട്ടു. പോലീസ് പരിശോധനയും പാളിയതോടെ തിരക്ക് നിയന്ത്രണാതീതമായി. മാർക്കറ്റുകളിൽ വൻ ജനത്തിരക്കാണ് ഉണ്ടായത്. തുടർന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടർ എച്ച്. ദിനേശൻ ഇടപെടുകയായിരുന്നു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ നഗരത്തിലെ മറ്റുള്ള സ്ഥാപനങ്ങൾ മുഴുവൻ അടപ്പിക്കാൻ കളക്ടർ നിർദേശം നൽകി. തുടർന്ന് ഉച്ചയോടെ പൊലീസ് ഓരോ മേഖലകളിലെയും കടകൾ അടപ്പിക്കുകയും അനൗൺസ്‌മെന്റ് നടത്തുകയും ചെയ്തു. ഉപ്പുതറ മേഖലയിൽ തുറന്ന കടകളും അടപ്പിച്ചു. ജില്ലയിലെ ഇളവുകൾ പിൻവലിച്ചെങ്കിലും അനാവശ്യമായി വാഹനങ്ങളിൽ നഗരത്തിലെത്തുന്നവരുടെ എണ്ണത്തിനു കുറവില്ല. പൊലീസ് പരിശോധനയിൽ നിന്നു രക്ഷപ്പെടാൻ ഇടവഴികളിലൂടെയാണ് പലരും നഗരത്തിലെത്തി മടങ്ങുന്നത്.