printer
കള്ളനോട്ടുകൾ നിർമിച്ച പ്രിന്റർ.

കട്ടപ്പന: സ്വന്തമായി നിർമിച്ച കള്ളനോട്ടുകൾ വിതരണം ചെയ്യാനുള്ള തയാറെടുപ്പുകൾ നടത്തിവന്ന മുൻ സ്‌കൂൾ മാനേജരെ കുടുക്കിയത് കുട്ടിയെ ഉപദ്രവിച്ച കേസിലെ തെളിവെടുപ്പ്. 12,58,000 രൂപയുടെ കള്ളനോട്ടുകളാണ് കൊല്ലം തടിക്കാട്ടുകര വരലഴികത്ത് ഹനീഫ് ഷിറോസിന്റെ വീട്ടിൽ നിന്നും വാടകയ്‌ക്കെടുത്ത ഹോംസ്‌റ്റേയിൽ നിന്നും കണ്ടെടുത്തത്. രണ്ടാം ഭാര്യയുടെ അഞ്ചര വയസുകാരൻ മകനെ ഉപദ്രവിച്ച കേസിൽ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോഴാണ് മാട്ടുത്താവളത്തെ വീട്ടിൽ നിന്നു കള്ളനോട്ടുകൾ പിടിച്ചെടുത്തത്. ആദ്യഭാര്യയെ ഉപേക്ഷിച്ച ഇയാൾ പാലക്കാട് സ്വദേശിനിയായ യുവതിക്കൊപ്പം ഉപ്പുതറ മാട്ടുത്താവളത്തെത്തി സ്ഥലം വാങ്ങി താമസിക്കുകയായിരുന്നു. ഒന്നേകാൽ ഏക്കർ സ്ഥലവും വീടുമാണ് ഇവിടെയുള്ളത്. 2019 നവംബറിലാണ് യുവതിയുടെ ആദ്യബന്ധത്തിലുള്ള കുട്ടിയെ ഇയാൾ ഉപദ്രവിച്ചത്. ചട്ടുകം പഴുപ്പിച്ച് പൊള്ളിക്കുകയും കാറിന്റെ വൈപ്പർ ഉപയോഗിച്ച് തല്ലുകയും ചെയ്തു. ഇതേത്തുടർന്ന് പിണങ്ങിപ്പോയ പാലക്കാട് സ്വദേശിനി രക്ഷിതാക്കളുടെ സഹായത്തോടെ ഒറ്റപ്പാലം പൊലീസിൽ പരാതി നൽകുകയായിരുന്നു. തേക്കടിയിലും വാഗമണ്ണിലും ഹോംസ്‌റ്റേകൾ വാടകയ്‌ക്കെടുത്ത് കള്ളനോട്ട് നിർമാണം ആരംഭിച്ചത്.
മാട്ടുത്താവളത്തെ വീട്ടിൽ തെളിവെടുപ്പിനിടെ പ്രിന്റിംഗിൽ മോശമായ വ്യാജ നോട്ടുകൾ ചുരുട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് വീടുമുഴുവൻ പരിശോധിച്ചപ്പോൾ കിടക്കയുടെ അടിയിൽ നിന്നു 15900 രൂപയുടെ കള്ളനോട്ടുകൾ കണ്ടെടുക്കുകയായിരുന്നു. വാഗമൺ, തേക്കടി എന്നിവിടങ്ങളിൽ വാടകയ്‌ക്കെടുത്ത ഹോംസ്‌റ്റേകളിൽ നിന്നു ബാക്കി കള്ളനോട്ടുകളും ഉപകരണങ്ങളും പിടിച്ചെടുത്തു.
ഹനീഫിന്റെ പിതാവിന്റെ മരണശേഷം കൊല്ലം തടിക്കാട് എ.കെ.എം. വി.എച്ച്.എസ്.എസിന്റെ ഉടമസ്ഥാവകാശം ഹനീഫ് ഉൾപ്പെട്ട ട്രസ്റ്റിനായിരുന്നു. സ്‌കൂളിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഇയാൾക്ക് മാനേജർ സ്ഥാനം നഷ്ടമായി. തുടർന്നാണ് ഉപ്പുതറ മാട്ടുത്താവളത്ത് സ്ഥലം വാങ്ങി താമസമാരംഭിച്ചത്. മാനേജരായി ജോലി ചെയ്ത ഇക്കാലയളവിലെ തുക ഉപയോഗിച്ചാണ് സ്ഥലം വാങ്ങി വീട് നിർമിച്ചതും ഹോംസ്‌റ്റേകൾ വാടകക്കെടുത്തതും. രണ്ടു കാറുകളും സ്വന്തമായുള്ള ഹനീഫ് നാട്ടുകാരുമായി അടുപ്പം പുലർത്തിയിരുന്നില്ല.