തൊടുപുഴ: ജില്ലയിൽ കോവിഡിന്റെ സാഹചര്യത്തിൽ നിശ്ചയിച്ചിരിക്കുന്ന ഹോട്ട്‌സ്‌പോട്ടിൽ നിന്ന് തൊടുപുഴയിലെ കുമ്പംകല്ല് ഉൾപ്പെടുന്ന വാർഡ് ഒഴികെ നഗരസഭാ പരിധിയെയും അടിമാലിയെയും ഒഴിവാക്കിയതായി ജില്ലാ കളക്ടർ എച്ച്. ദിനേശൻ അറിയിച്ചു. കുമ്പംകല്ലിലും ഹോട്ട്‌സപോട്ടായി നിശ്ചയിച്ചിട്ടുള്ള മറ്റിടങ്ങളിലും നിയന്ത്രണങ്ങൾ കർശന നിയന്ത്രണങ്ങൾ തുടരും.
ജില്ലയിലെ മറ്റിടങ്ങളിലെ ഇളവുകൾ:
പലവ്യഞ്ജനം, പച്ചക്കറി, പാൽ, പഴം എന്നിവ വിൽക്കുന്ന കടകൾ, മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ, നിർമാണ സാമഗ്രികൾ വില്ക്കുന്ന കടകൾ(മണൽ, കമ്പി, സിമന്റ്, സാനിട്ടറി, ഇലക്ട്രിക്കൽ, പെയിന്റ്), ബുക്ക്സ്റ്റാൾ, കാർഷിക ഉപകരണങ്ങൾ, വളം, കീടനാശിനി, വൈദ്യുതി മോട്ടോർവില്പന കടകൾ, കണ്ണട കടകൾ എന്നിവയ്ക്ക് പ്രവർത്തിക്കാം.
റോഡ് നിർമാണം, ടാറിംഗ്, മറ്റ് പൊതുനിർമാണ പ്രവർത്തനങ്ങൾ, വീട് നിർമാണം, ക്വാറികൾ, കൃഷി എന്നിവയ്ക്ക് അനുമതി ഉണ്ട്.
ഇളവുകൾ ലഭിച്ച കടകൾക്ക് രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് അനുവദനീയ പ്രവർത്തന സമയം.
എന്നാൽ ആളുകൾ കൂട്ടമായി എത്തുന്ന സ്വർണം, വസ്ത്രം കടകളും ഷോപ്പിംഗ് മാളുകൾ, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവ തുറക്കാൻ പാടില്ല.
ഹോട്ടലുകളിൽ പാഴ്‌സൽ അനുവദിക്കും. ഇരുന്ന് കഴിക്കാൻ പാടില്ല.
ബസ്, ടാക്‌സി ഉൾപ്പെടെ പൊതുഗതാഗതം അനുവദിക്കില്ല. കാറുകളിലും ഇരുചക്രവാഹനങ്ങളിലും യാത്രയ്ക്കുള്ള നിയന്ത്രണങ്ങൾ തുടരും. കടകളിൽ കോവിഡ് ചട്ടങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം പ്രവർത്തിക്കേണ്ടത്. ഇക്കാര്യത്തിൽ ഉടമകൾ വീഴ്ച വരുത്താൻ പാടില്ല. ഒരു കാരണവശാലും ആളുകൾ കൂട്ടം കൂടി നിൽക്കാൻ അനുവദിക്കരുത്. അനാവശ്യമായ യാത്രകൾ അനുവദിക്കില്ലന്നും . ഇത്തരക്കാർക്കെതിരേ നടപടി തുടരുമെന്നും കളക്ടർ അറിയിച്ചു.