ഇടുക്കി: ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കുന്നതിന് ഡ്രോൺ ഉപയോഗിക്കും. കാട്ടുപാതകളിലൂടെയും ട്രക്കിംഗ് മാർഗങ്ങളിലൂടെയും കടന്നുകയറ്റമുള്ള സാഹചര്യത്തിലാണിത്. ജില്ലാ കളക്ടർ എച്ച്. ദിനേശന്റെ അദ്ധ്യക്ഷതയിൽ കളക്ടറ്റേിൽ ചേർന്ന അവലോകനയോഗത്തിലാണ് തീരുമാനം. അതിർത്തി കടന്നെത്താൻ ശ്രമിക്കുന്നവരെ തിരികെ വിടുന്നുണ്ടെങ്കിലും ഇവർ കാട്ടുപാതകളിലൂടെയും മറ്റും നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതായി ജില്ലാ പൊലീസ് മേധാവി പി.കെ. മധു പറഞ്ഞു. നാലിടങ്ങളിൽ ഡ്രോൺ ഉപയോഗിക്കാനാണ് തീരുമാനം. ചെക്‌പോസ്റ്റുകളിലെത്തുന്ന മുഴുവൻ വാഹനങ്ങളും മോട്ടോർവാഹന വകുപ്പും പൊലീസും ചേർന്നു വിശദമായി പരിശോധിക്കും. പച്ചക്കറി, മാട് വാഹനങ്ങളിൽ പലരും ഒളിച്ചുകടക്കുന്നതു ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണിത്. കണ്ടെയ്‌നറിൽ കൊണ്ടുവന്ന മാടുകളുടെ കൂട്ടത്തിൽ ഒളിച്ചുകടക്കാൻ ശ്രമിച്ച അഞ്ചുപേരെ ചെക്പോസ്റ്റിൽ പിടിച്ചിരുന്നു. പലപ്പോഴും കന്നുകാലികൾക്കിടയിൽ കയറി ഇരിക്കുന്നവരെ തിരിച്ചറിയാൻ കഴിയാറില്ല. അതിനാൽ മൂടിക്കെട്ടിയ മുഴുവൻ വാഹനങ്ങളും പരിശോധിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. അതിർത്തിയിലെ വനമേഖല ഉൾപ്പെടെ പരിശോധന നടത്തുന്നതിന് ജില്ലാ കളക്ടർ പോലീസിനു നിർദേശം നൽകി. ഇക്കാര്യത്തിൽ വനംവകുപ്പും പൊലീസിനെ സഹായിക്കണം.