pakru
ഗിന്നസ് പക്രു വീഡിയോയിൽ

ഇടുക്കി: മാസ്ക് ധരിക്കണമെന്ന് ആഹ്വാനം ചെയ്ത് ചലച്ചിത്രതാരം ഗിന്നസ് പക്രു. രോഗവ്യാപനം തടയാൻ പല രാജ്യങ്ങളിലും മാസ്കിന്റെ ഉപയോഗം സഹായിക്കുന്നുണ്ടെന്ന് പക്രു പറയുന്നു. ജില്ലാ ഭരണകൂടത്തിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ഏകോപനത്തിലൂടെയുമാണ് ഇടുക്കി ഗ്രീൻ സോണിലെത്തിയത്. അനാവാശ്യമായി ആരും പുറത്തിറങ്ങരുതെന്നും ഇളവുകൾ ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം പറയുന്നു. ജില്ലാ ഭരണകൂടം തയ്യാറാക്കിയ താരത്തിന്റെ വീഡിയോ ജില്ലാ കളക്ടറുടെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും ഫേസ്ബുക്കിൽ ചേർത്തിട്ടുണ്ട്. മുഖമേതായാലും മാസ്ക് നിർബന്ധമാണെന്ന് പറഞ്ഞ് അവസാനിക്കുന്ന വീഡിയോ ഇതിനകം നിരവധിപ്പേർ കണ്ടുകഴിഞ്ഞു. ജില്ലയിൽ കൊവിഡ് പടരുന്ന സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാവർക്കും മാസ്‌ക് നിർബന്ധമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. പൊതുനിരത്തിലിറങ്ങുന്ന എല്ലാവരും മാസ്‌ക് ധരിക്കുന്നതിനൊപ്പം സാമൂഹിക അകലം നിശ്ചയമായും പാലിക്കണം. പൊതുനിരത്തിൽ തുപ്പാൻ അനുവദിക്കില്ല. മാസ്‌ക് ധരിക്കാതെ ഇറങ്ങി പിടിയിലാകുന്നവർ മറ്റുള്ളവർക്ക് മാസ്‌ക് വാങ്ങി നൽകേണ്ട തരത്തിലുള്ള ശിക്ഷാ നടപടികൾ ഉണ്ടാകും. വീഡിയോ സന്ദേശം ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചാരണത്തിലെത്തിച്ചിട്ടുണ്ട്.