ഇടുക്കി: കർഷകർക്ക് അടുത്ത കൃഷി ചെയ്യാനായി സഹകരണ ബാങ്കിൽ നിന്നും കേരള ബാങ്കിൽ നിന്നും പലിശരഹിത സ്വർണവായ്പ ആറുമാസ കാലാവധിക്ക് അനുവദിക്കണമെന്ന് ഫാംഫെഡും തൊടുപുഴ ഫാർമേഴ്‌സ് ക്ലബ്ബും സർക്കാരിനോട് ആവശ്യപ്പെട്ടു. പൊതുമേഖല ബാങ്കുകളിൽ നിന്ന് പലിശരഹിത സ്വർണ്ണവായ്പ അനുവദിക്കണമെന്ന് കേന്ദ്രസർക്കാരിനോടും ആവശ്യപ്പെട്ടു. റിസർവ് ബാങ്കിന്റെയും നബാർഡിന്റെയും ഈ വർഷത്തെ സ്‌കീമുകളിൽ ഇതിനുവേണ്ടിയുള്ള നടപടിക്രമങ്ങൾ സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. തന്നാണ്ട് കർഷകർ അടുത്ത കൃഷി ഇറക്കാനും റബ്ബർ കർഷകർ പ്ലാസ്റ്റിക് ഇടാനും പണമില്ലാതെ വിഷമിക്കുകയാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് നടപടികൾ സ്വീകരിക്കണം. കൂടാതെ കാർഷിക ലോണുകൾക്ക് ബാങ്ക് മൊറട്ടോറിയം ഏർപ്പെടുത്തിയ സമയത്തെ പലിശ ഒഴിവാക്കി സഹായിക്കണം. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കേന്ദ്ര, സംസ്ഥാന കൃഷിമന്ത്രിമാർക്കും ഈ ആവശ്യത്തിന് കത്ത് അയയ്ക്കുകയും ചെയ്തു.