കട്ടപ്പന: തമിഴ്‌നാട്ടിൽ നിന്നു കമ്പംമെട്ട് ചെക്ക്‌പോസ്റ്റ് വഴി ചാണകപ്പൊടിയുമായി ലോറി കാഞ്ചിയാർ കിഴക്കേമാട്ടുക്കട്ടയിൽ എത്തി. അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ 'പടി' വാങ്ങി തമിഴ്‌നാട്ടിൽ നിന്നുള്ള വാഹനങ്ങൾ കടത്തിവിടുന്നതായുള്ള ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് അധികൃതർ വീണ്ടും പരിശോധനയിൽ വീഴ്ച വരുത്തിയത്. വാഹനത്തിൽ ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളുമായി സമ്പർക്കം പുലർത്തിയ ചാണകം എത്തിച്ച വീട്ടുടമയെയും രണ്ട് തൊഴിലാളികളെയും ക്വാറന്റീനിലാക്കി. ഇന്നലെ രാവിലെയാണ് ചാണകപ്പൊടിയുമായി ലോറി അതിർത്തി കടന്നെത്തിയത്. തമിഴ്‌നാട് സ്വദേശികളായ ഡ്രൈവറും സഹായിയുമാണ് ലോറിയിൽ ഉണ്ടായിരുന്നത്. ഇവർ കിഴക്കേമാട്ടുക്കട്ടയിലെ ഒരു കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയതായും വിവരമുണ്ട്. ചാണകപ്പൊടി ഇറക്കേണ്ട സ്ഥലത്തേയ്ക്ക് എത്തിച്ചേരാൻ കഴിയാതെവന്നതോടെ ലോറി തള്ളിക്കയറ്റുകയായിരുന്നു. ഇതിനിടെയാണ് വീട്ടുടമയും തൊഴിലാളികളും തമിഴ് സ്വദേശികളുമായി അടുത്ത് ഇടപഴകിയത്. വിവരമറിഞ്ഞ്പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്തെത്തി. തുടർന്ന് കമ്പംമെട്ടിലെ ആരോഗ്യ പ്രവർത്തകരെയും പൊലീസിനെയും വിവരം അറിയിച്ചശേഷം ലോറി മടക്കി അയച്ചു.

സമാനമായ സംഭവം അയ്യപ്പൻകോവിൽ പുല്ലുമേട്ടിലും ഉണ്ടായി. ഏലത്തോട്ടത്തിലേക്ക് ചാണകപ്പൊടിയുമായി വന്ന ലോറി നാട്ടുകാർ തടഞ്ഞിരുന്നു. തുടർന്ന് ആരോഗ്യ പ്രവർത്തകരുടെ നിർദേശപ്രകാരം ചാണകപ്പൊടി ഇറക്കി ലോറി തിരിച്ചയച്ചു. കോവിഡ് രോഗബാധ സ്ഥിരീകരിച്ച തേനി ജില്ലകളിൽ നിന്നാണ് ഹൈറേഞ്ചിലെ തോട്ടങ്ങളിലേക്ക് ചാണകപ്പൊടി ഉൾപ്പെടെയുള്ള വളങ്ങൾ എത്തുന്നത്. ഇവർ സ്ഥലമുടമകളുമായി അടുത്തിടപഴകാറുമുണ്ട്. സാമൂഹിക അകലം പോലും പാലിക്കാതെയാണ് ലോഡ് ഇറക്കുന്നത്.