shortfilm
പി.ടി. സത്യരാജൻ ഷോർട്ട് ഫിലിമിന്റെ അണിയറ പ്രവർത്തകർക്കൊപ്പം

തൊടുപുഴ: വ്യാജമദ്യ വിൽപ്പനയ്ക്കും നിർമാണത്തിനുമെതിരായ ബോധവത്കരണത്തിന് ഷോർട്ട്ഫിലിം നിർമിച്ച് സിവിൽ എക്‌സൈസ് ഓഫീസർ. നെടുങ്കണ്ടം സ്വദേശിയായ പി.ടി. സത്യരാജനാണ് 'അരുത് എന്ന പേരിൽ ഏഴു മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിം നിർമിച്ചത്. ലോക്ക് ഡൗണിന്റെ ഭാഗമായി മദ്യശാലകൾ അടച്ചതോടെ വ്യാജ മദ്യനിർമാണം വ്യാപകമായിരുന്നു. എക്‌സൈസ് വകുപ്പ് ഒട്ടേറെയിടങ്ങളിൽ വ്യാജചാരായവും കോടയും കണ്ടെത്തി കേസുകൾ എടുക്കുകയും പ്രതികളെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സത്യരാജൻ ഇത്തരമൊരു ഹ്രസ്വ ചിത്രമൊരുക്കിയത്. ജെ.പി. കട്ടപ്പന, ജോയ്, സജി, രതീഷ്, രാജു, രാഹുൽ എന്നിവരാണ് അഭിനേതാക്കൾ. ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ടി. പ്രദീപ്, ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.ജി. ടോമി എന്നിവരും ഇതിൽ ബോധവത്കരണ സന്ദേശങ്ങൾ നൽകിയിട്ടുണ്ട്. എക്‌സൈസ് വകുപ്പിന്റെ പിന്തുണയോടെ തയ്യാറാക്കിയ ചിത്രത്തിന് സമൂഹമാധ്യമങ്ങൾ വഴി പരമാവധി പ്രചരണം നൽകുകയാണ് ലക്ഷ്യം. ഇതിന് മുമ്പ് ലഹരിക്കെതിരെ 17 ഷോർട്ട് ഫിലിം സിവിധാനം ചെയ്തിട്ടുണ്ട് ഈ സിവിൽ എക്‌സൈസ് ഓഫീസർ.