തൊടുപുഴ: ഒറ്റയടിക്ക് നാല് പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചതോടെ ജില്ല വീണ്ടും ആശങ്കയുടെ നിഴലിൽ. രോഗം ബാധിച്ച നാല് പേരിൽ മൂന്നുപേരും പുറത്തു നിന്ന് വന്നവരാണ്. ഇതിലൊരാൾ തമിഴ്‌നാട് പൊള്ളാച്ചിയിൽ നിന്ന് അതിർത്തിയിലൂടെ പൊലീസിനെ വെട്ടിച്ച് കടന്നതാണ്. ഇത്തരത്തിൽ ഒട്ടേറെ പേർ ഇടുക്കിയുടെ വിവിധ ഭാഗങ്ങളിലേക്ക് കടന്നുകയറിയിട്ടുണ്ട്. ഇവരിൽ ആർക്കെങ്കിലും രോഗമുണ്ടെങ്കിൽ വ്യാപനത്തിനുള്ള സാദ്ധ്യത ഏറെയാണ്. തമിഴ്‌നാടിനോട് ചേർന്നുള്ള അതിർത്തി പ്രദേശങ്ങളിൽ ജാഗ്രത കൂടുതൽ ശക്തമാക്കേണ്ട ആവശ്യകതയും ഇതോടെ ഉയർന്നിട്ടുണ്ട്. കൊറോണ വീണ്ടും സ്ഥിരീകരിച്ചതോടെ ജില്ല ഗ്രീൻ സോണിൽ നിന്ന് ഓറഞ്ച് സോണിലേക്ക് മാറി. നിലവിൽ ലഭിച്ച എല്ലാ ഇളവുകളും ഇതോടെ ഇല്ലാതാകും.
രോഗം നിരീക്ഷണകാലാവധി കഴിഞ്ഞ്
മണിയാറൻകുടി സ്വദേശിയായ യുവാവിനും പുഷ്പകണ്ടം സ്വദേശിനിയായ യുവതിക്കും കൊറോണ രോഗ ബാധ സ്ഥിരീകരിച്ചത് നിരീക്ഷണ കാലാവധിയായ 28 ദിവസത്തിനു ശേഷം. കഴിഞ്ഞ മാസം 25ന് മൈസൂരുവിൽ നിന്ന് ബൈക്കിൽ വീട്ടിലെത്തിയ 35കാരനായ യുവാവ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 30 ദിവസത്തിന് ശേഷമാണ് രോഗമുണ്ടെന്ന് കണ്ടുപിടിക്കുന്നത്. ചെന്നൈയിൽ നിന്നെത്തിയ പുഷ്പകണ്ടം സ്വദേശിനിയായ യുവതി ചെന്നൈയിൽ നിന്ന് തീവണ്ടിയിൽ കോട്ടയത്തേക്കും അവിടെ നിന്ന് ബസിൽ ഇടുക്കിയിലേക്കും സഞ്ചരിച്ചതായാണ് വിവരം. മാർച്ച് 18ന് വീട്ടിലെത്തിയ ഇവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.