arrest
arrest

മൂന്നാർ: സർക്കാർ അനുവദിച്ച സൗജന്യറേഷൻ മറിച്ചു വിൽക്കാൻ ശ്രമിച്ച മൂന്നാർ നല്ലതണ്ണി എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനിലെ 49-ാം നമ്പർ റേഷൻ കടയുടമ ത്യാഗരാജൻ അറസ്റ്റിലായി. നാലു ടണ്ണോളം ഭക്ഷ്യവസ്തുക്കളാണ് അനധികൃതമായി വാഹനത്തിൽ കയറ്റി സ്വകാര്യ വ്യക്തികൾക്ക് വിൽക്കാൻ ശ്രമിച്ചത്. അർദ്ധ രാത്രിയിൽ താലൂക്ക് സപ്ലൈ ഓഫീസർ എൻ. ശ്രീകുമാർ, റേഷൻ ഇൻസ്‌പെക്ടർ രാജീവ്, ഷാജി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ റെയ്ഡിൽ 55 ചാക്ക് അരിയും 14 ചാക്ക് ഗോതമ്പും പിടികൂടി. കടയോട് ചേർന്നുള്ള കെട്ടിടങ്ങളിൽ അരിച്ചാക്കുകൾ പൂഴ്ത്തി വച്ചിട്ടുള്ളതായും കണ്ടെത്തി. കടയുടമയുടെ ലൈസൻസ് താത്കാലികമായി റദ്ദാക്കി കടപൂട്ടി സീൽ ചെയ്തു.

കഴിഞ്ഞയാഴ്ച കടയിലെത്തി സൗജന്യ റേഷൻ ഇയാൾ വിതരണം ചെയ്തിരുന്നില്ല. കടയുടമയെക്കുറിച്ച് നിരവധി ആക്ഷേപങ്ങളും പരാതികളും ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഭക്ഷ്യവസ്തുക്കൾ കയറ്റാൻ ലോറി എത്തിയതോടെ നാട്ടുകാർ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.