കട്ടപ്പന: സ്വന്തമായി വാറ്റിയ വ്യാജമദ്യം സേവിച്ച് വീട്ടിൽ ബഹളമുണ്ടാക്കിയ ഗൃഹനാഥനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. മുളകരമേട് കണ്ണിയാലിൽ സന്തോഷ് കുമാറാ(46) ണ് പിടിയിലായത്. വീട്ടിൽ നിന്നു 600 മില്ലി വ്യാജമദ്യവും കണ്ടെടുത്തു. ഇയാൾ മദ്യലഹരിയിൽ വീട്ടിൽ ബഹളമുണ്ടാക്കുന്നത് പതിവാണ്. കഴിഞ്ഞദിവസം വീട്ടിലെ വാഹനത്തിന്റെ ചില്ലും തകർത്തിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സന്തോഷ്‌കുമാറിനെ കോടതിയിൽ ഹാജരാക്കി. ലോക്ക് ഡൗൺ കാലയളവിൽ വ്യാജമദ്യവുമായി നിരവധിയാളുകളാണ് പിടിയിലായത്. എസ്.ഐമാരായ സന്തോഷ് സജീവ്, അശോകൻ, സി.പി.ഒമാരായ ബിബിൻകുമാർ, ബിബിൻ ദിവാകരൻ, കൃഷ്ണകുമാർ, അരുൺകുമാർ എന്നിവരാണ് പരിശോധന നടത്തിയത്.