പൊലീസും ആരോഗ്യ വകുപ്പും തിരച്ചിൽ ഊർജിതമാക്കി

മറയൂർ: തമിഴ്‌നാട്ടിൽ ജോലിക്ക് പോയ കാന്തല്ലൂർ സ്വദേശി നിരീക്ഷണത്തിനിടെ തിരികെ വന്നതായി സൂചന. രണ്ട് ദിവസം മുമ്പ് തമിഴ്‌നാട്ടിൽ നിന്നും വട്ടവട കോവിലൂർ വനപാതയിലൂടെ അകത്ത് കടന്ന യുവാവ് കാന്തല്ലൂരിലെത്തി സഹോദരന്റെ വീട്ടിൽ താമസിക്കുന്നതിനിടെയാണ് നാട്ടുകാർ ആരോഗ്യ വകുപ്പിലും പൊലീസിലും വിവരം അറിയിച്ചത്. തുടര്ന്ന് പരിശോധിക്കാനെത്തിയ വേളയിൽ ഇയാൾ സ്ഥലംവിട്ടു. ഇയാളുടെ കൈയിൽ തമിഴ്‌നാട്ടിൽ കൊവിഡ് 19 നിരീക്ഷണത്തിൽ കഴിഞ്ഞതായി രേഖപെടുത്തിയിരുന്നതായും നാട്ടുകാർ പറഞ്ഞു. ഇയാളെ കണ്ടെത്താനുള്ള നടപടികൾ മറയൂർ പൊലീസിന്റെ സഹായത്തോടെ ഊര്ജിതപെടുത്തിയതായി കാന്തല്ലൂർ ഹെൽത്ത് ഇൻസ്‌പെക്ടർ എ.വി രാജീവ് പറഞ്ഞു.