tank
ചേന്നാപ്പാറ ഇറിഗേഷൻ പദ്ധതിയുടെ ടാങ്ക് തകർന്ന നിലയിൽ

ചെറുതോണി: നിരവധി കുടുംബങ്ങളുടെ ആശ്രയമായ കുടിവെള്ള പദ്ധതിയുടെ ഭാഗമായ ചേന്നാപ്പാറ കുടിവെള്ള ടാങ്ക് തകർന്നു . വാഴത്തോപ്പ് പഞ്ചായത്തിൽ ഒന്നാം വർഡ് ഉൾപ്പെടുന്ന മണിയാറൻകുടിയിലെ ചേന്നപ്പാറ ഇറിഗേഷൻ പദ്ധതിയാണ് കഴിഞ്ഞ ദിവസംപുലർച്ചെ തകർന്നത്. അയ്യായിരം ലിറ്റർ ജലം സംഭരിക്കുന്ന പ്ലാസ്റ്റിക്ക് ടാങ്ക് നെടുകെ പിളർന്ന് പൊട്ടിതെറിക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ലിസമ്മ സാജൻ 5 ലക്ഷം രൂപ അനുവദിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസം പൂർത്തിയാകും മുമ്പ് ടാങ്ക് തകർന്നത് അഴിമതിയാണെന്ന ആക്ഷേപമുയർന്നു. ഗുണനിലവാരം ഇല്ലാത്ത ടാങ്കാണിതെന്നാണ് നാട്ടുകാരുടെ പക്ഷം. ടാങ്കിൽ ഐ എസ് ഐ മാർക്ക് പോലും സ്റ്റിക്കർ ഒട്ടിച്ച നിലയിലാണെന്ന് ഉപഭോക്താക്കൾ ആരോപിച്ചു. വേനൽ കടുത്തു നിൽക്കുമ്പോൾ ജലക്ഷാമത്തിൽ നട്ടം തിരിയുമ്പോളാണ് ടാങ്ക് തകർന്നത്. അടിയന്തിര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപെട്ടു.