മറയൂർ: തമിഴ്‌നാടിനോട് അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ കൊവിഡ് ഭീഷണിയിൽ അതീവ ജാഗ്രത പുലർത്തുമ്പോൾ അതു വഴി യാത്രചെയ്ത് വന്ന സിവിൽ പൊലിസ് ഓഫീസർ നിരീക്ഷണത്തിൽ. പാലക്കാട് സ്വദേശിയായ മറയൂർ പൊലിസ് സ്റ്റേഷനിലെ ഒരു സിവിൽ പൊലിസ് ഓഫീസറാണ് തമിഴ്‌നാട് വഴി യാത്ര ചെയ്ത് സ്റ്റേഷനിലെത്തിയത്. ജില്ലയിൽ തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലൊന്നാണ് മറയൂർ. പാലക്കാട് നിന്ന് തമിഴ്‌നാട് അതിർത്തി കടന്ന് തിരികെ സ്റ്റേഷനിലേക്ക് വരുകയായിരുന്ന പൊലീസ് ഓഫീസറെ അതിർത്തിയിൽ പരിശോധനയിലായിരുന്ന ആരോഗ്യ പ്രവർത്തകരാണ് നിരീക്ഷണത്തിനായി നിർദ്ദേശിച്ചത്. നിരീക്ഷണത്തിലാക്കിയ പൊലിസ് ഓഫീസർക്ക് താമസത്തിനായി പ്രത്യേക താമസ സൗകര്യം ഒരുക്കിയതായി ആരോഗ്യപ്രവർത്തകർ പറഞ്ഞു. ഇത്തരത്തിൽ അതിർത്തി കടന്ന് വന്ന അമ്പത്തി ഒന്ന് ആളുകൾ ഇവിടെ നിരീക്ഷണത്തിൽ ഉള്ളതായി മറയൂർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷേണായി പറഞ്ഞു.