തൊടുപുഴ: കൊവിഡ്- 19 രോഗികളുമായി സമ്പർക്കം പുലർത്തിയവരെയും അന്യസംസ്ഥാനത്ത് നിന്നെത്തിയവരെയും നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിന് തൊടുപുഴയ്ക്ക് സമീപം മുട്ടത്ത് റൈഫിൾ ക്ലബ്ബിൽ കൊവിഡ് കെയർ സെന്റർ പ്രവർത്തനം തുടങ്ങി. കൊവിഡ് പ്രതിരോധത്തിനുള്ള തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് കോ- ഓർഡിനേഷൻ കമ്മിറ്റി, മുട്ടം പഞ്ചായത്ത്, മുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തിലാണ് പ്രവർത്തനം. ആകെ 13 മുറികളാണ് സെന്ററിൽ തയ്യാറാക്കിയിരിക്കുന്നത്. ഇവിടെ എത്തിക്കുന്നവർക്ക് ആവശ്യമായ ഭക്ഷണവും ചികിത്സയും ബ്ലോക്ക് കോ.ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെന്ററിലെത്തിച്ച് നൽകും. മണിയാറൻകുടി സ്വദേശിയായ രോഗിയുമായി സമ്പർക്കം പുലർത്തിയ മൂന്ന് പേരെയും മൈസൂരിൽ നിന്നെത്തിയ രണ്ട് പേരെയുമാണ് ആദ്യഘട്ടത്തിൽ ഇവിടെ പാർപ്പിക്കുക. ഇവരുടെ വീടുകളിൽ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനുള്ള സൗകര്യങ്ങളില്ല. അഞ്ച് പേർക്കും പ്രത്യേകം മുറികളാണ് നൽകിയിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പരിശീലനം നൽകിയ രണ്ട് വോളന്റിയർമാർ മുഴുവൻ സമയവും സെന്ററിലുണ്ടാവും. മുട്ടം സി.എച്ച്.സി.യിൽ നിന്നുള്ള ഹെൽത്ത് ഇൻസ്‌പെക്ടർമാരും നിരീക്ഷണത്തിന് മേൽനോട്ടം വഹിക്കും.


നിരീക്ഷണത്തിലുള്ളവരുടെ കടകൾ അടപ്പിച്ചു

പൊള്ളാച്ചിയിൽ നിന്ന് ഏപ്രിൽ 21ന് പുലർച്ചെയാണ് മണിയാറൻകുടി സ്വദേശിയായ രോഗി തൊടുപുഴയിലെത്തിയതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഇവിടെ നിന്ന് വെള്ളിയാമറ്റം സ്വദേശിയുടെ പിക്ക് അപ്പ് ജീപ്പിൽ കയറി കാഞ്ഞാർ കൂവപ്പള്ളിക്കവലയിലെ പച്ചക്കറികടയിലെത്തി. അവശനായതിനെ തുടർന്ന് ഇയാൾ കടയ്ക്കുള്ളിൽ വിശ്രമിച്ചു. തുടർന്ന് ഇതേ വാഹനത്തിൽ അറക്കുളം അശോക കവലയിലെത്തിച്ചു. ഇവിടെ നിന്ന് ആട്ടോയിൽ മണിയാറൻകുടിക്ക് പോകും വഴി ഇയാളെ പൊലീസ് പിടികൂടി നിരീക്ഷണത്തിലാക്കുകയായിരുന്നു. 23 ന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇയാളെ ഇടുക്കി മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.

അന്വേഷണത്തിൽ ഇയാളുമായി സമ്പർക്കം പുലർത്തിയ വെള്ളിയാമറ്റം, കുടയത്തൂർ, കോടിക്കുളം സ്വദേശികളെ കണ്ടെത്തി. ഇവരുടെ കൂവപ്പള്ളി കവലയിലെ കട ആരോഗ്യ വകുപ്പ് അധികൃതരും പൊലീസുമെത്തി പൂട്ടി. വെള്ളിയാമറ്റം, കോടിക്കുളം സ്വദേശികൾ നടത്തുന്ന ഈരാറ്റുപേട്ടയിലെ കടയും പൂട്ടി. മൈസൂരിലെ ജോലി സ്ഥലത്ത് നിന്ന് കഴിഞ്ഞ ദിവസമെത്തിയ വെള്ളിയാമറ്റം സ്വദേശികളാണ് മറ്റ് രണ്ടു പേർ. ഇവരുടെ വീടുകളിലെ അസൗകര്യം മൂലമാണ് ഇരുവരെയും കോവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിക്കുന്നത്.

''മണിയാറൻകുടി സ്വദേശിയായ രോഗിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ മൂന്ന് പേരിൽ നിന്നും ഏഴാമത്തെ ദിവസവും മൈസൂരിൽ നിന്നെത്തിയവരിൽ നിന്നും പത്താമത്തെ ദിവസവും സ്രവം ശേഖരിച്ച് പരിശോധനയ്ക്കയക്കും. രോഗ ലക്ഷണങ്ങൾ കാട്ടിയാൽ ഈ ദിവസങ്ങൾക്കുള്ളിൽ സ്രവ പരിശോധന നടത്തും"

-കെ.സി. ചാക്കോ (മെഡിക്കൽ ഓഫീസർ, മുട്ടം സി.എച്ച്.സി)