രാജാക്കാട്: കൊവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടം മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കിയതോടെ എല്ലാ വീടുകളിലും സൗജന്യമായി മാസ്‌ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജകുമാരി പഞ്ചായത്ത്. ''മുഖമേതായാലും മാസ്‌ക് മുഖ്യം'' എന്ന പേരിലാണ് സൗജന്യ മാസ്‌ക് വിതരണ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കർഷകരും തോട്ടംതൊഴിലാളികളും കൂടുതലുള്ള പഞ്ചായത്തിൽ മാസ്‌ക് ധരിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനൊപ്പം പുതിയ ശീലം രൂപപ്പെടുത്തുക കൂടിയാണ് പദ്ധതിയിലൂടെ ലക്ഷ്യം. പഞ്ചായത്തിലെ ഏഴായിരത്തോളം കുടുംബങ്ങളിലായി ഇരുപതിനായിരത്തോളം പേർക്ക് സൗജന്യമായി മാസ്‌ക് നിർമിച്ച് നൽകുന്നതിന് വിവിധ സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹായ സഹകരണങ്ങളും പഞ്ചായത്ത് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. ഫോൺ: 9562887416, 9447825988, 9400779777, 9544045852.