ഇടുക്കി: കൊവിഡ്- 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാന അതിർത്തി മേഖലയായ കുമളിയിൽ തമിഴ്‌നാടുമായി ബന്ധപ്പെട്ടുകിടക്കുന്ന എല്ലാ ഭാഗങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കി. ദേശീയപാതയിലുള്ള ചെക്കിംഗ് കൂടാതെ റോസാപ്പൂക്കണ്ടം, കുങ്കിരിപ്പെട്ടി, പാണ്ടിക്കുഴി, വലിയപാറ എന്നിവിടങ്ങളെല്ലാം പൊലീസിന്റെ ശക്തമായ നിരീക്ഷണത്തിലാണ്. റോസാപ്പൂക്കണ്ടം, കുങ്കിരിപ്പെട്ടി പ്രദേശങ്ങൾ തമിഴ്‌നാട്ടുകാർക്ക് ഊടുവഴികളിലൂടെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്നവയാണ്. ഇവിടെ 24 മണിക്കൂറും പൊലീസ് നിരീക്ഷിച്ചു വരുന്നു. അനധികൃതമായി ആരെങ്കിലും അതിർത്തി കടന്നെത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും ശ്രദ്ധയിൽപെട്ടാലുടനെ പൊലീസിലറിയിക്കാനും സന്നദ്ധരായി തദ്ദേശവാസികളും ഇക്കാര്യത്തിൽ സദാ ജാഗരൂകരാണ്. ഇത്തരത്തിൽ വലിയ രീതിയിലുള്ള പൊതുജന പങ്കാളിത്തവും സഹകരണവും പൊലീസിന് ലഭിക്കുന്നുണ്ട്. അതിർത്തി പങ്കിടുന്ന ഓരോ ചെറിയ പോയിന്റിലും രാപകൽ വ്യത്യാസമില്ലാതെ കൃത്യമായ പട്രോളിംഗ് നടത്തുന്നുണ്ട്. പൊലീസ് വാഹനങ്ങൾക്ക് പുറമെ സ്വകാര്യ വാഹനങ്ങളിലും പൊലീസ് വിവിധ ടീമുകളായി തിരിഞ്ഞ് പരിശോധന നടത്തി വരുന്നു. കൂടാതെ ഡ്രോൺ ഉപയോഗിച്ചും അതിർത്തി മേഖല സദാസമയവും നിരീക്ഷിക്കുന്നു. വനപ്രദേശങ്ങളിലും പാറക്കെട്ടുകളിലും ഇടുങ്ങിയ സ്ഥലങ്ങളിലും മറ്റും അനധികൃതമായെത്തുന്നവർ ഒളിച്ചിരിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഡ്രോണിന്റെ ഉപയോഗത്തിലൂടെ സാധിക്കും. അനധികൃതമായി അന്യസംസ്ഥാനത്ത് നിന്ന് എത്തിയവരിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തി കടക്കാൻ ഇടയുള്ള എല്ലാ മേഖലകളിലും പൊലീസ് പരിശോധന കർശനമാക്കിയിരിക്കുകയാണ്.