ഇടുക്കി: ജില്ലയുടെ അതിർത്തി മേഖലകളിൽ കൂടുതൽ ജാഗ്രത സ്വീകരിച്ച് ജില്ലാ ഭരണകൂടം. കൊവിഡ്- 19 ന്റെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ എസ്. രാജേന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിലും ജില്ലാ കളക്ടർ എച്ച്. ദിനേശന്റെ നേതൃത്വത്തിലും ദേവികുളത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. മൂന്നാർ ഉൾപ്പെടെയുള്ള ഇടങ്ങളിലേക്ക് ചരക്കു ഗതാഗതത്തിനായി എത്തുന്ന വാഹനങ്ങൾ കൃത്യമായി പരിശോധിക്കുമെന്നും അനധികൃതമായി ജില്ലയിലേക്ക് കടന്നു വരുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു. ചരക്ക് വാഹനങ്ങളുടെ ഡ്രൈവർമാർ സ്വീകരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. അന്യസംസ്ഥാന യാത്രകൾക്ക് ശേഷം ഡ്രൈവർമാർ ആവശ്യമായ സാഹചര്യത്തിൽ നിരീക്ഷണത്തിൽ പോകണമെന്ന് കളക്ടർ പറഞ്ഞു. ജില്ലയുടെ അതിർത്തി മേഖലകളിലൂടെ ആളുകൾ എത്തിയാൽ ജില്ലയെ സംബന്ധിച്ചത് കൂടുതൽ വെല്ലുവിളിയായിരിക്കും. കഴിഞ്ഞ ദിവസം ഇടുക്കിയിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ മൂന്നും ഇത്തരത്തിൽ അന്യസംസ്ഥാനത്ത് നിന്ന് വന്നവരിലാണ്. അതിർത്തി മേഖലയിലെ നിയന്ത്രണങ്ങൾ ജില്ലയുടെ നിലവിലെ സാഹചര്യത്തിൽ അനിവാര്യമാണെന്നും കളക്ടർ വ്യക്തമാക്കി. യോഗത്തിൽ സബ്കളക്ടർ പ്രേംകൃഷ്ണൻ, ദേവികുളം തഹസിൽദാർ ജിജി കുന്നപ്പിള്ളി, ഡി.എം.ഒ എൻ. പ്രിയ, മുൻ എം.എൽ.എ എ.കെ. മണി, വ്യാപാര വ്യവസായി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.