ഇടുക്കി: കൊവിഡ്- 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത നെടുങ്കണ്ടം, ഏലപ്പാറ, വാഴത്തോപ്പ് പഞ്ചായത്തുകളെ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. ഇതോടെ ജില്ലയിലെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം എട്ടായി. തൊടുപുഴയിലെ കുമ്പംകല്ല്, സേനാപതി, കഞ്ഞിക്കുഴി, ബൈസൺവാലി, ശാന്തമ്പാറ എന്നിവിടങ്ങൾ നേരത്തെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിരുന്നു. ഇവിടങ്ങളിൽ മേയ് മൂന്ന് വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിറക്കി.
ഹോട്ട്സ്പോട്ടുകളിലെ നിയന്ത്രണങ്ങൾ
1. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നത് കർശനമായി നിരോധിക്കുന്നു
2. അവശ്യ സർവീസുകൾക്കായി നിശ്ചിത റോഡുകളിലൂടെ മാത്രം ഗതാഗതം. മറ്റ് റോഡുകൾ പൂർണമായി അടച്ചിടും.
3. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ ഉൾപ്പെടെ തുറന്നു പ്രവർത്തിക്കാൻ പാടില്ല.
4. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ആവശ്യ വസ്തുക്കൾ വീടുകളിൽ എത്തിക്കും. ആവശ്യമെങ്കിൽ പ്രത്യേകം നിശ്ചയിച്ചിട്ടുള്ള കടകൾ തുറക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് അനുവാദം നൽകുന്നു. സന്നദ്ധ സേവകരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണം.
5. അവശ്യ വസ്തുക്കളുമായി ചരക്ക് വാഹനങ്ങൾക്ക് പോകാം
6. മെഡിക്കൽ സ്റ്റോറുകളും പെട്രോൾ പമ്പുകളും തുറക്കാം.
7. നെടുങ്കണ്ടം തൂക്കുപാലം ഭാഗത്ത് പൂർണമായി ലോക്ക് ഡൌൺ ഏർപ്പെടുത്തേണ്ടതുണ്ട്. അതിനാൽ കരുണാപുരം പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് വാർഡുകൾ, പാമ്പാടുംപാറ പഞ്ചായത്തിലെ നാലാം വാർഡ് എന്നിവിടങ്ങളിലും ഈ ഉത്തരവിലെ നിയന്ത്രണങ്ങൾ ബാധകമാണ്.
8. വാഴത്തോപ്പ് പഞ്ചായത്തിലെ ഇടുക്കി സിവിൽ സ്റ്റേഷൻ, പൈനാവ്, ചെറുതോണി ടൗൺ എന്നിവിടങ്ങളിൽ ഭാഗികമായ ഇളവുകൾ അനുവദിക്കും. പൈനാവ്, ചെറുതോണി ടൗൺ എന്നിവിടങ്ങളിൽ ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെയും മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ എന്നിവയ്ക്ക് 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കാം.