തൊടുപുഴ: ഭാരതീയ ചികിത്സാ വകുപ്പ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ ജില്ലാ ആയുർവേദ കൊവിഡ് റെസ്‌പോൺസ് സെല്ലിന്റെ (ഡി.എ.സി.ആർ.സി) രൂപീകരണവും പ്രവർത്തന അവലോകനവും നടത്തി ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.പി. ശുഭ നേതൃത്വം വഹിക്കുന്ന കമ്മിറ്റിയുടെ കോ- ഓർഡിനേറ്റർ കെ.എസ്. ഡോ. ശ്രീദർശനാണ്. ഡി.പി.എം ഡോ. കബീർ. എം, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുഞ്ഞുമോൾ ചാക്കോ, ജില്ലയിലെ പ്രഗത്ഭ ആയുർവേദ ചികിത്സകരായ ഡോ. സി.ഡി. സഹദേവൻ, ഡോ. മാത്യൂസ് വെമ്പള്ളി, ഭാരതീയ ചികിത്സാ വകുപ്പിൽ നിന്ന് ഡോ. ക്രിസ്റ്റി. ജെ. തുണ്ടിപ്പറമ്പിൽ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഡോ. ശ്രീജിത്ത് ശിവൻ, നങ്ങേലിൽ ആയുർവേദ കോളേജ് പ്രതിനിധി ഡോ. നിവേദ് അർജുൻ എന്നിവർ അംഗങ്ങളാണ്. കൊവിഡ് ഉൾപ്പെടെയുള്ള പകർച്ച വ്യാധികളെയും അവയുടെ പ്രതിരോധ, ചികിത്സാ മാർഗങ്ങളെയും കുറിച്ച് യോഗം വിശദമായി അവലോകനം ചെയ്തു. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളും ചികിത്സാ നിർദ്ദേശങ്ങളും ഔഷധങ്ങളും ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള ജില്ലയിലെ എല്ലാ ആയുർവേദ സ്ഥാപനങ്ങളിലും പ്രവർത്തിച്ചു വരുന്ന ആയുർരക്ഷാ ക്ലിനിക്കുകൾ വഴിയാണ് ജനങ്ങളിൽ എത്തിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങളിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ, ആയുർവേദ കേളേജ് വിദ്യാർത്ഥികൾ, ആയുർവേദ ഔഷധ നിർമ്മാതാക്കൾ എന്നിവരുടെ സഹകരണവും ഉണ്ടാകും.