മൂലമറ്റം:കോവിഡ് ജാഗ്രതയെ തുടർന്നുള്ള ലോക്ക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും അന്നം തരുന്ന സ്ഥാപനത്തെ കരുതലോടെ സംരക്ഷിക്കുകയാണ് മൂലമറ്റം കെ എസ് ആർ ടി സി അധികൃതർ.ലോക്ക് ഡൗൺ ജാഗ്രത നിർദേശം പ്രഖ്യാപിച്ചത് മുതൽ ബസുകൾ എല്ലാം തന്നെ സ്റ്റാൻഡിൽ ഒതുക്കി ഇട്ടിരിക്കുകയാണ്.തുടർച്ചയായി കുറേ ദിവസം ബസുകൾ ഓടിക്കാതെ കിടന്നാൽ ബാൽട്ടറി, എഞ്ചിൻ എന്നിവക്ക് കേട് സംഭവിക്കാൻ സാദ്ധ്യത കൂടുതലാണ്.ഇത് മുന്നിൽ കണ്ട് ഓരോ ദിവസം ഇടവിട്ട് ഡിപ്പോയിലെ ബസുകൾ കുറച്ച് ദൂരം ഓടിച്ച് നോക്കാനും ഓയിൽ മാറ്റി ഒഴിക്കാനും ജീവനക്കാർ സജീവമായി രംഗത്തുണ്ട്.21ടിക്കറ്റ് മിഷ്യനാണ് മൂലമറ്റം ഡിപ്പോയിക്ക് സ്വന്തമായിട്ടുള്ളത്.ഏറെ ദിവസം പ്രവർത്തിക്കാതെ ഇരുന്നാൽ ക്ലാവ് പിടിച്ചും ബാൽട്ടറി നശിച്ചും കേട് പറ്റാൻ സാദ്ധ്യതയുള്ളതിനാൽ ടിക്കറ്റ് മിഷ്യൻ ഇടയ്ക്ക് പ്രവർത്തിപ്പിക്കാനും ജീവനക്കാർ ശ്രദ്ധ നൽകുന്നുണ്ട്.ലോക്ക് ഡൗൺ ആയതിനാൽ ഡിപ്പോയ്ക്ക് അടുത്ത് താമസിക്കുന്ന ജീവനക്കാരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് ഡിപ്പോ ഇൻസ്‌പെക്ടർ (ഇൻ ചാർജ് ) വിജയൻ പറഞ്ഞു.