ജാഗ്രതക്കുറവ് വിനയായി
കൂടുതൽ പ്രദേശങ്ങൾ ഹോട്ട്‌സ്‌പോട്ടാകും
തൊടുപുഴ: എത്രപെട്ടന്നാണ് ഇടുക്കി ആകെ മാറിയത്. കൊവിഡ് രോഗികൾ ആരുമില്ലാതിരുന്ന ഗ്രീന് സോണിൽ നിന്നും ഓറഞ്ച് സോണിലെത്തിയ ഇടുക്കിയുടെ നെഞ്ചിടിപ്പ് കൂട്ടി രോഗികളുടെ എണ്ണം വീണ്ടുമുയരുകയാണ്. രണ്ട് ദിവസങ്ങൾകൊണ്ട് പത്ത്പേർ രോഗികളായ ഗുരുതരമായ അവസ്ഥയിലേയ്ക്കാണ് എത്തിയത്. ജില്ലയുടെ അതിർത്തികൾ അടച്ചുപൂട്ടിയിട്ടും തമിഴ്‌നാട്ടിൽ നിന്നും ഇവിടെയെത്തുന്നവരിൽ കൊവിഡ് രോഗം സ്ഥിരീകരിക്കുന്നത് ജാഗ്രതയിൽ കുറവുണ്ടായെന്നതിന്റെ സൂചനയാണ്. ഞായറാഴ്ച രോഗം സ്ഥിരീകരിച്ച വനിതാ ഡോക്ടർ രോഗബാധിതയായ വീട്ടമ്മയുമായി സമ്പർക്കത്തിൽ വന്ന ശേഷം വീണ്ടും ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇവർ ഒട്ടേറെ രോഗികളെ പരിശോധിക്കുകയും, ആശുപത്രി ജീവനക്കാരുമായി സമ്പർക്കത്തിലേർപ്പെടുകയും ചെയ്തിരുന്നു. ഇത് ഏലപ്പാറ മേഖയിലും കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇടുക്കിയെ ഗ്രീൻ സോണിൽ ഉൾപ്പെടുത്തിയ ശേഷം ജനങ്ങൾക്കിടയിലും അധികൃതര്ക്കും ജാഗ്രതക്കുറവുണ്ടായി. ഇനിയും ഇത് തുടർന്നാൽ രോഗവ്യാപനമുണ്ടാകുമെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. രോഗബാധിതരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ ജില്ലയ്ക്ക് നൽകിയിട്ടുള്ള ഇളവുകളിലും മാറ്റം വരാനിടയുണ്ട്. കൂടുതൽ പ്രദേശങ്ങൾ ഹോട്ട്‌സ്‌പോട്ടാകാനും സാദ്ധ്യയതയുണ്ട്.
ജാഗ്രതമാത്രം പരിഹാരം
ജില്ലയില് ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും ജാഗ്രത പാലിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് അധികൃതർ പറയുന്നു. ഇളവുകൾക്ക് ശേഷം പലരും നിര്‌ദ്ദേശങ്ങൾ അനുസരിക്കാൻ തയ്യാറായിരുന്നില്ല. രോഗം പടരുന്ന തമിഴ്‌നാട്ടിലെ ജില്ലകൾ തൊട്ടടുത്തുണ്ടായിട്ടും അത് അധികൃതർ മാത്രമാണ് കാര്യമാക്കിയത്.
ഓർക്കുക.. അനുസരിക്കുക
ആരും ആവശ്യമില്ലാതെ പുറത്തിറങ്ങരുത്.
പുറത്തുപോകുന്നവർ നിർബന്ധമായും മുഖാവരണം ധരിക്കുക
പുറത്തുള്ളവരുമായി സമ്പർക്കത്തിലേർപ്പെട്ടാൽ കൈ കഴുകുക
വീട്ടിൽ തിരിച്ചെത്തിയാൽ കൈകഴുകുക, സാനിടൈസർ ഉപയോഗിക്കുക
രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ ആരോഗ്യവകുപ്പിനെ അറിയിക്കുക
അധികൃതരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക
ജില്ലയിൽ ചികിത്സയിലള്ള
കോവിഡ് രോഗികൾ
ഏലപ്പാറ4
വണ്ടിപ്പെരിയാർ2
പുഷ്പകണ്ടം1
മണിയാറന്കുടി1
വണ്ടന്മേട്1
ഉപ്പുകണ്ടം1
ആകെ10
ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകൾ
തൊടുപുഴ നഗരസഭയിലെ കുമ്മംകല്ല്
കഞ്ഞിക്കുഴി പഞ്ചായത്ത്
മരിയാപുരം പഞ്ചായത്ത്
ബൈസണ്വാലി പഞ്ചായത്ത്
സേനാപതി പഞ്ചായത്ത്
ഏലപ്പാറ പഞ്ചായത്ത്
നെടുങ്കണ്ടം പഞ്ചായത്ത്
വാഴത്തോപ്പ് പഞ്ചായത്ത്