മൂലമറ്റം: വെള്ളച്ചാട്ടത്തിലെ പാറക്കെട്ടിൽ നിന്ന് വീണ് സഹോദരിമാരുടെ മക്കളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.ഇന്നലെ ഉച്ചകഴിഞ്ഞ് 3 .30 നായിരുന്നു അപകടം.കാഞ്ഞാറിന് സമീപമുള്ള മാരികുത്ത് വെള്ളച്ചാട്ടത്തിലെ പാറക്കെട്ടിലാണ് യുവാക്കൾ വീണത്. മൂലമറ്റം ചേനക്കുന്നേൽ ഷാജിയിടെ മകൻ ജയകൃഷ്ണൻ (23), കാഞ്ഞിരമറ്റം പഴമ്പിള്ളിൽ മനോജിൻ്റെ മകൻ ഗോകുൽ മനോജ് (23) എന്നിവരാണ് മരിച്ചത്.വെള്ളച്ചാട്ടത്തിന് സമീപം നാല് യുവാക്കൾ എത്തിയിരുന്നു.ഇതിൽ രണ്ട് പേരാണ് പാറയിൽ നിന്ന് തെന്നി വീണത്..കാഞ്ഞാറിലെ സുഹൃത്തുക്കളുമൊത്ത് വെള്ളച്ചാട്ടത്തിലെത്തിയ ഇവർ കുത്തനെയുള്ള പാറക്കെട്ടിന്റെ ഏറ്റവും മുകൾ ഭാഗത്ത് നിന്നും നാനൂറോളം അടി താഴ്ചയിലേക്ക് വഴുതി വീഴുകയായിരുന്നു.സംഭവ സ്ഥലത്ത് വച്ച് രണ്ടുപേരും മരിച്ചു.മഴ പെയ്തപ്പോൾ പാറക്കെട്ടിൽ നിന്നും ഇറങ്ങിയ ഇവർ വഴുതി വീണതാവാം എന്ന് പറയുന്നു.കാഞ്ഞാർ പൊലീസ്, മുലമറ്റം , തൊടുപുഴ അഗ്നിിശമനരക്ഷാസേന എന്നിവർ സ്ഥലത്തെത്തിയിരുന്നു.കാഞ്ഞാർ - കൂവപ്പള്ളി റോഡിൽ നിന്നും റോഡിൽ ഏകദേശം ഒരു കിലോമീറ്റർ മാറി , ജനവാസമേഖലയല്ലാത്ത സ്ഥലമായതിനാൽ സംഭവം പുറത്തറിയാൻ ഏറെ വൈകി.അപകടത്തിൽ പെടാതെ കൂടെ ഉണ്ടായിരിന്ന കാഞ്ഞാർ സ്വദേശികളായ രണ്ട് യുവാക്കൾ റോഡിനു സമീപമുള്ള വീടുകളിൽ വന്ന് വിവരം പറഞ്ഞപ്പോഴാണ് നാട്ടുകാർ സംഭവം അറിയുന്നത്. ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ചേർന്നെങ്കിലും മുകളിലേക്ക് കയറിച്ചെന്ന് ഏറെ പണിപ്പെട്ടാണ് രക്ഷാ പ്രവർത്തനം നടത്തിയത്. മഴയുള്ള സമയത്ത് അപകടം നടന്നതിനാൽ രക്ഷാപ്രവർത്തനം വൈകി. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.ജയകൃഷ്ണന്റെ മാതാവ് ബിന്ദു,സഹോദരൻ ഹരികൃഷ്ണൻ.സിന്ധുവാണ് ഗോകുലിന്റെ മാതാവ് .സഹോദരി ഗോപിക. ഗോകുൽ പാലായിൽ സിഎ വിദ്യാർഥിയാണ്. ജയകൃഷ്ണൻ തൊടുപുഴയിൽ ഐഇഎൽടിഎസിന് പഠിക്കുന്നു.