ചെറുതോണി: വേനൽ മഴയോടനുബന്ധിച്ചുണ്ടായ ഇടിമിന്നലിൽ രണ്ട് കുടുംബങ്ങളുടെ വരുമാനമാർഗ്ഗമായ കറവപശുക്കൾക്ക് ദാരുണാന്ത്യം. വാഴത്തോപ്പ് പഞ്ചായത്തിൽ ഭൂമിയാംകുളം കുളക്കാട്ട് ഡൊമ്‌നിക്കിന്റെ രണ്ടു പശുക്കളും സമീപവാസിയായ അച്ചാരുകുടിയിൽ സൂസമ്മ വിൻസെന്റിന്റെ രണ്ടു പശുക്കളും കിടാവുമാണ് ഇടിമിന്നലിൽ ചത്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ടെ ഉണ്ടായ വേനൽമഴക്ക് ശേഷമുണ്ടായ ശക്തമായ ഇടിമിന്നലിലാണ് പശുക്കൾ ചത്തത്. ഡൊമിനിക്കിന് രണ്ടു പശുക്കളിൽ നിന്നും ദിവസം 40 ലിറ്ററിലധികം പാല് ലഭിക്കുന്നവയാണ്. ഇദ്ദേഹത്തിന്റെ തൊഴുത്തിൽ മറ്റൊരുപശു കൂടിയുണ്ടായിരുന്നു. ചത്ത രണ്ടു പശുക്കളും കിടക്കുകയായിരുന്നു. തൊഴുത്തിൽ കൂടെയുണ്ടായിരുന്ന പശു നിൽക്കുകയായിരുന്നതിനാലാണ് രക്ഷപെട്ടത്. ഇദ്ദേഹത്തിന്റെ മൂന്ന് കിടാരികൾ മറ്റൊരു തൊഴുത്തിലായിരുന്നു. രണ്ടു ലക്ഷം രൂപയിലധികം നഷ്ടമുണ്ടായതായി ഡൊമിനിക് പറഞ്ഞു. ഡൊമിനിക്കിന്റെ പശുതൊഴുത്തിൽ നിന്നും 250 മീറ്ററോളം ദൂരെയാണ് സൂസമ്മയുടെ തൊഴുത്ത്. ഇവിടെ തൊഴുത്തിൽ കിടക്കുകയായിരുന്ന രണ്ടു പശുക്കളാണ് മിന്നലിൽ ചത്തത്. തൊഴുത്തിനോടു ചേർന്ന് നിലത്ത് കിടന്നുറങ്ങുകയായിരുന്ന കിടാവും മിന്നലിൽ ചത്തു. മറ്റൊരു കിടാവ് പരിക്കേൽക്കാതെ രക്ഷപെട്ടു. ദിവസം 20 ലിറ്ററോളം പാലാണ് ഇവർക്ക് ലഭിച്ചിരുന്നത്. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമാണിവർക്കുണ്ടായിരിക്കുന്നത്. നിർദ്ദനരായ ഇവരുടെ മുഖ്യ വരുമാനമാർഗ്ഗമായിരുന്നു ഈ കറവ പശുക്കൾ. ഇന്നലെ രണ്ടു കുടംബവും പശുക്കളെ കറക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. 5 മിനിറ്റുകൂടി കഴിഞ്ഞാൽ ഇരുവരും തൊഴുത്തിലെത്തുമായിരുന്നു. വെറ്റിനറി സർജൻമാരെത്തി പശുക്കളെ പൊസ്റ്റുമോർട്ടം നടത്തി മറവ്ചെയ്തു..