കട്ടപ്പന: പുറ്റടി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചത് ക്വാറന്റീൻ കാലയളവിനുശേഷം. മലപ്പുറത്തെ ധനകാര്യ സ്ഥാപനത്തിലെ കളക്ഷൻ ഏജന്റായ യുവാവ് ക്വാറന്റീൻ കാലയളവിനു ശേഷം നിരവധി ആളുകളുമായി സമ്പർക്കം പുലർത്തിയെന്നാണ് വിവരം. പുറ്റടി സർക്കാർ ആശുപത്രിയിൽ രണ്ടുതവണയും അണക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ഒരുതവണയും യുവാവ് ചികിത്സ തേടി. ഇതിനിടെ സുഹൃത്തുക്കൾക്കൊപ്പം ഫുട്‌ബോൾ കളിക്കുകയും കാലിനു ഉളുക്ക് സംഭവിച്ചപ്പോൾ തിരുമ്മുകാരനെ സമീപിക്കുകയും ചെയ്തിരുന്നു. യുവാവുമായി അടുത്തിടപഴകിയ പുറ്റടി ആശുപത്രിയിലെ മൂന്നു ഡോക്ടർമാരും ഹെൽത്ത് ഇൻസ്‌പെക്ടറും ഫാർമസിസ്റ്റും ഒരു സ്റ്റാഫ് നഴ്‌സും ഒരു ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറും ക്വാറന്റീനിൽ കഴിയും. കൂടാതെ സമ്പർക്കം പുലർത്തിയ സ്വകാര്യ ആശുപത്രിയിൽ ഉള്ളവർ അടക്കമുള്ളവരെ നിരീക്ഷണത്തിലാക്കാനാണ് തീരുമാനം. മലപ്പുറത്തു നിന്നു ബൈക്കിൽ മാർച്ച് 23ന് നാട്ടിൽ എത്തിയ യുവാവ് 14 ദിവസം ക്വാറന്റീനിൽ കഴിഞ്ഞെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായില്ല. അതിനുശേഷമാണ് മറ്റുള്ളവരുമായി സമ്പർക്കം ഉണ്ടായത്. ഇതിനിടെ ചുമ അനുഭവപ്പെട്ടപ്പോൾ രണ്ടുതവണ സർക്കാർ ആശുപത്രിയിൽ എത്തി. രണ്ടാം തവണ എത്തിയപ്പോഴാണ് സ്രവം എടുത്ത് പരിശോധനയ്ക്ക് അയച്ചത്. മഞ്ഞപ്പിത്ത രോഗലക്ഷണം കണ്ടതിനെ തുടർന്നാണ് ഇന്നലെ അണക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്.