ചെറുതോണി : കാൻസർ രോഗികൾക്ക് ചികിത്സ സൗകര്യം ഒരുക്കുന്നതിനായി ഇടുക്കി മെഡിക്കൽ കോളേജിൽ പ്രത്യേക വിഭാഗം അനുവദിക്കണമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ ആവശ്യപ്പെട്ടു. ലോക്‌ഡോൺ ദീർഘിപ്പിച്ചതോടെ ജില്ല കടന്നുള്ള യാത്ര ഒഴിവാക്കുന്നതിനായി കൂടുതൽ സൗകര്യം ആശുപത്രിയിൽ ആരംഭിക്കുന്നതിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇടുക്കിയുടെ മലയോര മേഖലയിൽ ഒരു ആശുപത്രിയിലും സൗകര്യം ഏർപ്പെടുത്താത്തത് ഹീമോതെറാപ്പി ചെയ്യുന്നതുൾപ്പെടെ രോഗികളെ വലയ്ക്കുകയാണ്. മെഡിക്കൽ കോളേജിൽ പുതിയ കെട്ടിട സൗകര്യങ്ങൾ നിലവിലുള്ളത് കൂടുതൽ വിഭാഗം പ്രവർത്തിക്കാൻ സഹായകമാണ്. ആശുപത്രിയിൽ രോഗികൾ കൂടുതൽ എത്തിതുടങ്ങിയതിനാൽ ഡോക്ടർ, നഴ്‌സ് ഉൾപ്പെടെയുള്ള ജീവനക്കാരുടെ സുരക്ഷിതത്ത്വം ഉറപ്പാക്കണം. ഒ.പി വിഭാഗത്തിനായി ആശുപത്രിക്ക് പുറത്തു താത്കാലിക സൗകര്യം ഒരുക്കി പ്രത്യേക സജ്ജീകരണം ഏർപ്പെടുത്തുകയും ആവശ്യമെങ്കിൽ ജീവനക്കാർക്ക്സുരക്ഷ ക്രമീകരണം ഏർപ്പെടുത്തണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.