rosamma
അടിമാലി സി ഐ അനിൽ ജോർജിന്റെ നേതൃത്വത്തിൽ ചുരക്കെട്ടാൻ കുടിയിലെ രോഗിയായ റോസമ്മയ്ക്ക് ഓക്‌സിജൻ സിലിണ്ടർ എത്തിച്ചു നൽകിയപ്പോൾ

അടിമാലി : ശ്വാസകോശ സംബന്ധമായ രോഗം മൂലം വിഷമിക്കുന്ന രോഗിക്ക് നിർണായക ഘട്ടത്തിൽ ഓക്‌സിജൻ സിലിണ്ടർ മലമുകളിലെ വീട്ടിലെത്തിച്ച അടിമാലി ജനമൈത്രി പൊലീസിന്റെ നടപടി ദേശീയ തലത്തിൽ ശ്രദ്ധേയമായി . ആകാശവാണിയുടെ ട്വിറ്റർ അക്കൗണ്ടിൽ ഇതുസംബന്ധിച്ചു വന്ന ട്വീറ്റ് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ, വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ റീ ട്വീറ്റ് ചെയ്തതോടെയാണ് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞ ഏപ്രിൽ 14 ന് വിഷുദിനത്തിലാണ് ചൂരക്കെട്ടാൻ കുടി ആദിവാസി കോളനിയിലെ 49 കാരിയായ പേരകത്ത് റോസമ്മ തോമസിന് പൊലീസിന്റെ സഹായ ഹസ്തം ലഭിച്ചത്. ശ്വാസകോശം ചുരുങ്ങുന്ന രോഗവുമായി കഷ്ടപ്പെടുന്ന റോസമ്മയ്ക്ക് ലോക് ഡൗൺ കാരണം ഓക്‌സിജൻ സിലിണ്ടർ തീരാറായത് മാറിക്കിട്ടാൻ വൈകി. ഇതോടെ റോസമ്മയും മകനും പരിഭ്രാന്തിയിലായി. വിവരം ജനമൈത്രി പൊലീസ് അറിഞ്ഞതോടെ സിഐ അനിൽ ജോർജിന്റെ നേതൃത്വത്തിൽ സിലിണ്ടർ എത്തിക്കാൻ നടപടികൾ വേഗത്തിലാക്കി. അടിമാലി മച്ചിപ്ലാവിൽ നിന്ന് ഏഴു കിലോമീറ്ററോളം ജീപ്പ് റോഡിലൂടെ വേണം കുടിയിലെത്താൻ. ഒരു വലിയ സിലിണ്ടർ അഞ്ചു ദിവസത്തേക്കാണ് ഉപയോഗിക്കാറുള്ളത്. റോസമ്മയ്ക്കു ജീവൻ നിലനിർത്താൻ ആവശ്യമായ സിലിണ്ടർ ഉൾപ്പെടെ കുടുംബത്തിന് ആവശ്യമുള്ള ഭക്ഷ്യവിഭവങ്ങളടങ്ങിയ കിറ്റും മരുന്നും പൊലീസ് നൽകിയത്.. പട്ടികവർഗ വകുപ്പാണ് ഇവരുടെ ചികിത്സാ ചെലവ് വഹിക്കുന്നത്.