കട്ടപ്പന: ജില്ലയിൽ കോവിഡ് കേസുളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ കട്ടപ്പന നഗരസഭ, വണ്ടൻമേട്, ഇരട്ടയാർ, ചക്കുപള്ളം പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ ചില വാർഡുകളിൽ മാർച്ച് മൂന്നുവരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. രോഗം സ്ഥിരീകരിച്ച പുറ്റടി സ്വദേശിയുമായി അടുത്തിടപഴകിയവർ കൂടുതലായുള്ള വണ്ടൻമേട് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും കർശന നിയന്ത്രണം ഏർപ്പെടുത്തി. കട്ടപ്പന നഗരസഭയിലെ മൂന്ന്‌സൊസൈറ്റി, ആറ്‌വെട്ടിക്കുഴക്കവല, ഏഴ്‌നത്തുകല്ല് എന്നീ വാർഡുകളിലും ഇരട്ടയാർ പഞ്ചായത്തിലെ ഏഴ്ഇരട്ടയാർ ടൗൺ, ഒൻപത്ഉപ്പുകണ്ടം, 10 തുളസിപ്പാറ എന്നീ വാർഡുകളിലും ചക്കുപള്ളം പഞ്ചായത്തിലെ മൂന്ന്അമ്പലമേട്, നാല് ചക്കുപള്ളം നോർത്ത്, ആറ്അണക്കര എന്നീ വാർഡുകളിലുമാണ് നിയന്ത്രണമുള്ളത്. ഈ വാർഡുകളിൽ അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ ആളുകൾ പുറത്തിറങ്ങാവൂ. നിയന്ത്രണങ്ങളുള്ള നഗരസഭ, പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കും പുറത്തേയ്ക്കും പോകുന്നതിന് നിശ്ചിത പാതകളിൽ മാത്രമേ ഗതാഗതം അനുവദിക്കൂ. റേഷൻ കടകൾ, മെഡിക്കൽ സ്‌റ്റോറുകൾ, ഗ്യാസ് ഏജൻസികൾ, പെട്രോൾ പമ്പുകൾ എന്നിവയ്ക്ക് മാത്രമാണ് പ്രവർത്തിക്കാൻ അനുമതിയുള്ളത്. വാർഡ് മെമ്പർമാരുടെ മേൽനോട്ടത്തിൽ അവശ്യ വസ്ത്രക്കൾ വീടുകളിൽ നേരിട്ട് എത്തിച്ചു നൽകും. സന്നദ്ധ സംഘടന പ്രവർത്തകർക്കാണ് ഇതിന്റെ ചുമതല. അവശ്യ വസ്ത്രക്കളുമായി കടന്നുപോകുന്ന ചരക്ക് വാഹനങ്ങൾക്ക് ഇളവ് നൽകിയിട്ടുണ്ട്. നിയന്ത്രണങ്ങൾ നിലവിൽ വന്നതോടെ ഓരോ വാർഡുകളുടെയും അതിർത്തിയിലെ പ്രധാന പാതകൾ പോലീസ് വടംകെട്ടി അടച്ചു. അവശ്യ സർവീസുകൾ കർശന പരിശോധനകൾക്കു ശേഷമേ കടത്തിവിടുകയുള്ളൂ.