jijimon
മരുന്നുകളുമായി രോഗികളുടെ വീടുകളിലേക്കു പോകുന്ന പി.ജെ. ജിജിമോനും ബി. ബിനുവും.

കട്ടപ്പന: ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടെ സൗജന്യമായി രോഗികൾക്ക് എത്തിച്ചുനൽകി കരുതലിന്റെ പുതിയ അദ്ധ്യായം തുറന്ന് രണ്ടുപേർ. വീടുകളിൽ കഴിയുന്നവർക്കും മുടങ്ങാതെ മരുന്ന് കഴിക്കേണ്ട കാൻസർ, വൃക്ക, ഹൃദ്രോഗികൾക്കുമാണ് മാട്ടുക്കട്ട പുത്തൻപുരയ്ക്കൽ പി.ജെ. ജിജിമോൻ, ചപ്പാത്ത് മരുതുംപേട്ട ഈട്ടിക്കൽ ബി. ബിനു എന്നിവർ കൈത്താങ്ങായത്.. രോഗികളുടെ വീടുകളിലെത്തി രോഗവിവരങ്ങളും കുറിപ്പടികളുമെല്ലാം ശേഖരിച്ച് ആലടി സർക്കാർ ആശുപത്രിയിലെ ഡോക്ടറിന്റെ നിർദേശാനുസരണം മരുന്നുകൾ വീടുകളിലെത്തിച്ചു നൽകുന്നു. മാട്ടുക്കട്ടയിലെ വീട്ടിൽ നിന്നു ആശുപത്രിയിലേക്കും തിരിച്ചും കിലോമീറ്ററുകളോളം കാൽനടയായാണ് ജിജിമോന്റെ യാത്ര. ബിനു ഇരുചക്ര വാഹനത്തിലും സേവനമെത്തിക്കുന്നു. പ്രതിദിനം 20 രോഗികൾക്കുവരെ ഇവർ മരുന്നുകൾ എത്തിച്ചുനൽകുന്നുണ്ട്. ഇരുവരും സി.പി.എം. ലോക്കൽ കമ്മിറ്റിയംഗങ്ങളാണ്.