covid-19

പീരുമേട്: ഏലപ്പാറയിൽ ഞായറാഴ്ച കൊവിഡ്- 19 സ്ഥിരീകരിച്ച ഡോക്ടർ നിരീക്ഷണത്തിൽ പോകാതെ രോഗികളെ പരിശോധിക്കുകയും ചികിത്സിക്കുകയും ചെയ്തത് ആരോഗ്യ വകുപ്പിന്റെ അനാസ്ഥ മൂലമെന്ന് ആക്ഷേപം. കൊവിഡ് രോഗിയെ ചികിത്സിച്ച ഏലപ്പാറ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ വനിതാ ഡോക്ടർക്കാണ് (41) രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ആരോഗ്യകേന്ദ്രം അടച്ചിരുന്നു. കൊവിഡ് രോഗിയെ ഡോക്ടർ പരിശോധിച്ചത് 15നാണ്. 23ന് ഡോക്ടറിൽ നിന്ന് സ്രവം പരശോധനയ്ക്കായി എടുത്തിരുന്നു. എന്നാൽ 26വരെ ഡോക്ടർക്ക് ഡ്യൂട്ടി ചെയ്തത് വീഴ്ചയാണെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം നടത്തിയ മെഡിക്കൽ അവലോകന യോഗത്തിൽ ഡോക്ടർ പങ്കെടുക്കുകയും സ്വകാര്യ ചാനലിന് അഭിമുഖം നൽകുകയും ചെയ്തിരുന്നു. വേണ്ടത്ര സുരക്ഷാ മുൻകരുതലില്ലാതെയാണ് ഡോക്ടർ ഇതെല്ലാം ചെയ്തത്. എലപ്പാറയിലെ തന്നെ ആശാവർക്കർക്കും (54) ഡോക്ടർക്കൊപ്പം രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച സത്രീ ആശുപത്രിയിലെത്തിയപ്പോൾ കൂടെയുണ്ടായിരുന്നത്. വേണ്ടത്ര മുൻകരുതലില്ലാതെയാണ് ഇവരും ജോലി ചെയ്തിരുന്നതെന്ന് ആരോപണമുണ്ട്.