idukki

തൊടുപുഴ: ഇടുക്കിയിൽ ഇന്നലെ കൊവിഡ്- 19 സ്ഥിരീകരിച്ച നാലിൽ മൂന്നു പേരും സംസ്ഥാനത്തിനു പുറത്ത് നിന്നെത്തിയവർ.തൊടുപുഴ തെക്കുംഭാഗത്ത് രോഗബാധിതനായ പതിനേഴുകാരൻ മാർച്ച് 22ന് അമേരിക്കയിൽ നിന്നെത്തിയതാണ്.നിരീക്ഷണ കാലയളവിന് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്.ഏപ്രിൽ 11ന് തിരുപ്പൂരിൽ നിന്നു വന്ന ദേവികുളം സ്വദേശിയായ മുപ്പത്തെട്ടുകാരൻ,14ന് ചെന്നൈയിൽ നിന്ന് നെടുങ്കണ്ടത്തിനടുത്ത് കരുണാപുരം പോത്തുകണ്ടത്ത് മാതാപിതാക്കളോടൊപ്പം എത്തിയ പതിന്നാലുകാരി എന്നിവരാണ് മറ്റു രണ്ടുപേർ. കുട്ടിയുടെ മാതാപിതാക്കളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അതേസമയം രോഗബാധിതനായ മൂന്നാറിലെ അറുപതുകാരന് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താനായിട്ടില്ല. മൂന്നാർ പൊലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന ഇയാൾ കൂടുതൽ പേരുമായി ബന്ധപ്പെടാനുള്ള സാദ്ധ്യതയുണ്ട്. രോഗം സ്ഥിരീകരിച്ച തൊടുപുഴ സ്വദേശിനിയെ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്കും മറ്റുള്ളവരെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആയി. ഇതിൽ 14 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇന്ന് മുതൽ ജില്ലയിൽ കടുത്ത നിയന്ത്രണങ്ങളുണ്ടാകും.രോഗബാധിതരുള്ള വാർഡുകളെ ഡബിൾ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ പോലും തുറക്കില്ല.