തൊടുപുഴ: കൊവിഡ്- 19 പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയെ റെഡ് സോണിൽ ഉൾപ്പെടുത്തി. നേരത്തെ എല്ലാവരും രോഗമുക്തരായതിനെ തുടർന്ന് ജില്ലയെ കോട്ടയത്തിനൊപ്പം ഗ്രീൻ സോണിലാക്കി ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ദിനംപ്രതി രോഗികളുടെ എണ്ണം കൂടിയതോടെയാണ് ജില്ലയെ റെഡ് സോണിലാക്കിയത്. ഇതോടെ കർശന നിയന്ത്രണങ്ങൾ ജില്ലയിൽ ഏർപ്പെടുത്തി.


• അടിയന്തര ആവശ്യങ്ങൾക്കല്ലാതെ വീട് വിട്ട് പുറത്തിറങ്ങരുത്. പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണം.


• അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുവരെ മാത്രം. മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പമ്പുകൾ, പാചക വാതകം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്ക് മുഴുവൻ സമയവും പ്രവർത്തിക്കാം.


• ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ എന്നിവ പാടില്ല.


• അടിയന്തരമായ ആവശ്യങ്ങൾക്കൊഴികെ വാഹനങ്ങൾ നിരത്തിലിറക്കരുത്.


• മെഡിക്കൽ ആവശ്യങ്ങൾക്കും വളരെ അടിയന്തര ആവശ്യങ്ങൾക്കും ഒഴികെ ജില്ലയിലേക്കും പുറത്തേക്കുമുള്ള യാത്ര കർശനമായി നരോധിച്ചു.


• പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവയുടെ ചരക്ക് നീക്കത്തിന് തടസമുണ്ടാകില്ല.


• അവശ്യ ഭക്ഷ്യവസ്തുക്കൾ സന്നദ്ധ സേവകർ മുഖേന വീടുകളിൽ നേരിട്ട് എത്തിച്ചുനൽകും.


• ജില്ലയിലെ നിർമാണ പ്രവർത്തനങ്ങൾ, തോട്ടം മേഖലയിലെ പ്രവർത്തികൾ എന്നിവ നിറുത്തിവയ്ക്കണം.

• ആരോഗ്യം, പൊലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണം, ഫയർ ആൻഡ് റെസ്‌ക്യൂ, സിവിൽ സപ്ലെസ് എന്നീ വകുപ്പുകളുടെ ഓഫീസുകളിൽ അടിയന്തര ആവശ്യങ്ങൾക്കുള്ള ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് പ്രവർത്തിക്കാം. മറ്റ് ഓഫിസുകൾ തുറന്നു പ്രവർത്തിക്കേണ്ടതില്ല.