തൊടുപുഴ: ഇ.എസ്. ബിജിമോൾ എം.എൽ.എ കൊവിഡ് നിരീക്ഷണത്തിലാണെന്ന മന്ത്രി എം.എം. മണിയുടെ പ്രസ്താവന എം.എൽ.എ നിരാകരിച്ചു. രോഗം സ്ഥിരീകരിച്ച ഏലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർക്കൊപ്പം ബിജിമോൾ യോഗത്തിൽ പങ്കെടുത്തിരുന്നെന്നും അതിനാൽ നിരീക്ഷണത്തിലാണെന്നും മന്ത്രി എം.എം. മണി കളക്‌ടറേറ്റിലെ യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. നേരിട്ട് സമ്പർക്കമില്ലെങ്കിലും ബിജിമോൾ വീട്ടിൽ നിരീക്ഷണത്തിലാണെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശനും പറഞ്ഞു. ഇതിനുപിന്നാലെ ബിജിമോൾ ഫേസ്ബുക്ക് ലൈവിലൂടെ ഇക്കാര്യം നിഷേധിച്ചു. പൊതുപ്രവർത്തക എന്ന നിലയിൽ നാട്ടിലെ പ്രശ്നങ്ങളിൽ ഇടപെട്ടുപോരുന്നുണ്ട്. ഏലപ്പാറയിലെ കൊവിഡ് രോഗികളുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലാത്തതിനാൽ താൻ നിരീക്ഷണത്തിലല്ല. രോഗ വ്യാപനം തടയുന്നതിനായി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തത് എല്ലാ മുൻകരുതലോടും കൂടിയാണ്. എം.എൽ.എ എന്ന നിലയിൽ ഇത്തരം യോഗങ്ങളിൽ പങ്കെടുക്കാതിരിക്കാനാകില്ല. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിർഭാഗ്യകരമാണ്. ഇത്തരം വാർത്തകൾ പ്രദേശത്തെ തോട്ടം തൊഴിലാളികളെ ഭയപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്നും ബിജിമോൾ പറഞ്ഞു.