തൊടുപുഴ: സാമൂഹ്യ വിരുദ്ധർ കുളത്തിൽ വിഷം കലർത്തിയതിനെ തുടർന്ന് വിളവെടുക്കാറായ കുളത്തിലെ മുഴുവന് മീനുകളും ചത്തുപ്പൊങ്ങി. മലയിഞ്ചി മുതുപാലയ്ക്കൽ എം.കെ. ബിജീഷ് വളർത്തിയിരുന്ന സിലോപ്പീ മീനുകളാണ് ചത്തു പൊങ്ങിയത്. 350 കിലോ മീനാണ് ചത്തുപൊങ്ങിയത്. ഇന്നലെ രാവിലെ ആറോടെ പശുവിന് തീറ്റക്കൊടുത്തശേഷം മീൻ കുളത്തിലെത്തിയപ്പോഴാണ് വിളവെടുക്കാറായ മീനുകൾ മുഴുവൻ ചത്തുപൊങ്ങിയത് ശ്രദ്ധയിൽപ്പെട്ടത്. ഈ കുളത്തിനോട് ചേർന്നുള്ള പടുത കുളത്തിൽ വളർത്തിയിരുന്ന മീനുകളും സമാനമായ രീതിയിൽ ചത്തുപൊങ്ങാൻ തുടങ്ങിയതോടെ കുളത്തിലെ വെള്ളം പെട്ടെന്ന് മാറ്റി. അതിനാൽ ആയിരത്തോളം മത്സ്യകുഞ്ഞുങ്ങളെ രക്ഷിക്കാനായി.
കുളത്തിൽ വിഷം കലർത്തിയതിൽ സമീപവാസികളായ ചിലർക്ക് പങ്കുള്ളതായി സംശയിക്കുന്നതായി ബിജിഷ് പൊലീസിനെ അറിയിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കരിമണ്ണൂർ പൊലീസ് അന്വേഷണമാരംഭിച്ചു.