തൊടുപുഴ: സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ തന്റെ ആദ്യ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകി യുവ സർക്കാർ ഉദ്യോഗസ്ഥൻ. ആരോഗ്യപ്രവർത്തകനായ കെ.എസ്. അഖിലാണ് വർഷങ്ങൾ കാത്തിരുന്ന് കിട്ടിയ സർക്കാർ ജോലിയുടെ ആദ്യശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. കൂത്താട്ടുകുളം സ്വദേശിയായ അഖിൽ ഫെബ്രുവരി 26നാണ് ജോലിയിൽ പ്രവേശിച്ചത്. കൊവിഡ്- 19 സ്ഥിരീകരിച്ച മരിയാപുരം പഞ്ചായത്തിലായിരുന്നു അഖിലിന്റെ ആദ്യ പോസ്റ്റിംഗ്. വീട്ടിൽ പോലും പോകാതെ കൊവിഡ് പ്രതിരോധത്തിൽ സജീവമായി. സർക്കാർ സാലറി ചലഞ്ചിനെ കുറിച്ച് ആലോചിച്ചപ്പോൾ തന്നെ അഖിൽ തന്റെ ആദ്യശമ്പളം വാഗ്ദാനം ചെയ്തിരുന്നു. ഇന്നലെ ഇടുക്കിയിലെ കോവിഡ് അവലോകന യോഗത്തിനു ശേഷം എം.എൽ.എമാരായ റോഷി അഗസ്റ്റിൻ, പി.ജെ ജോസഫ് എന്നിവരുടെ സാന്നിധ്യത്തിൽ മന്ത്രി എം.എം. മണിക്കാണ് മരിയാപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറായ അഖിൽ ആദ്യമാസത്തെ ശമ്പളത്തുക കൈമാറിയത്. കഷ്ടതയനുഭവിക്കുന്ന തന്റെ സഹജീവികളെ സഹായിക്കുന്നതിനാണിതെന്ന് അഖിൽ പറഞ്ഞു. അഖിലിന്റെ നടപടി ഏറെ മാതൃകാപരമാണെന്ന് മന്ത്രി എം.എം മണിയും പറഞ്ഞു.