കട്ടപ്പന: കട്ടപ്പന താലൂക്ക് ആശുപത്രിയിൽ സ്രവ പരിശോധനയ്ക്ക് എത്തിയവർ പെരുവഴിയിൽ. ആരോഗ്യ പ്രവർത്തകർക്കിടയിലെ ആശയക്കുഴപ്പം മൂലം ആളുകളുടെ നിര റോഡിലേക്ക് നീണ്ടതോടെ പരിഭ്രാന്തരായ നാട്ടുകാർ പ്രതിഷേധവുമായി എത്തി. രോഗബാധിതനായ പുറ്റടി സ്വദേശിയുമായി സമ്പർക്കത്തിലേർപ്പെട്ട 30ൽപ്പരം പേരാണ് ഇന്നലെ രാവിലെ താലൂക്ക് ആശുപത്രിയിലെത്തിയത്. ഒരേസമയം അഞ്ചുപേരെ മാത്രമാണ് പരിശോധന കേന്ദ്രത്തിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ ഇതൊന്നുമറിയാതെ മോർച്ചറിയോടു ചേർന്നുള്ള പരിശോധന കേന്ദ്രത്തിനു മുമ്പിലായി നിശ്ചിത അകലം പാലിച്ച് നിന്നതോടെ ആളുകളുടെനിര ഇരുപതേക്കർകക്കാട്ടുകട റോഡുവരെ നീണ്ടു. ഇതോടെയാണ് സമീപത്ത് താമസിക്കുന്നവർ പ്രതിഷേധവുമായി എത്തിയത്. വിവരമറിഞ്ഞ് കട്ടപ്പന പൊലീസും സ്ഥലത്തെത്തി പരിശോധനയ്ക്ക് എത്തിയവരെ റോഡിൽ നിന്നു മാറ്റി. തുടർന്ന് ആശുപത്രി സൂപ്രണ്ട് എത്തി പരിശോധനയ്ക്ക് എത്തിയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയായിരുന്നു. അരമണിക്കൂർ ഇടവിട്ട് അഞ്ചുപേരെ മാത്രമേ പരിശോധനയ്ക്ക് അയക്കാവൂ എന്ന് പുറ്റടി സാമൂഹികരോഗ്യ കേന്ദ്രത്തിൽ നിർദേശം നൽകിയിരുന്നതായി സൂപ്രണ്ട് പറഞ്ഞു. എന്നാൽ സമ്പർക്കത്തിലേർപ്പെട്ടവർ കൂട്ടമായി എത്തുകയായിരുന്നു.